കുളത്തുപ്പുഴ: പ്രദേശത്ത് അതിരൂക്ഷമായി തുടരുന്ന കാട്ടാനശല്യം ജനജീവിതം ദുസഹമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ചോഴിയക്കോട് മുഹമ്മദ് ഷാഫിയുടെ ഒരേക്കറോളം വരുന്ന പുരയിടത്തിലെ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി കൃഷിയിലേക്ക് തിരിഞ്ഞ കൊച്ചരിപ്പ സ്വദേശി റിയാസിന്റെ കൃഷിയിടമാണ് ആനക്കൂട്ടം പൂർണമായും തരിപ്പണമാക്കിയത് .
ഓണവിപണി തകർത്തു
ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപയോളം വായ്പയെടുത്താണ് റിയാസ് ഈ പുരയിടത്തിൽ റബർ, കമുക്, തെങ്ങ്, മരച്ചീനി, വാഴ എന്നിവ കൃഷി ചെയ്തിരുന്നത്. ഓണവിപണി ലക്ഷ്യമിട്ട് നട്ടുനനച്ചു വളർത്തിയ, കുലച്ചവ ഉൾപ്പെടെയുള്ള നാൽപ്പതിലധികം വാഴകളും പാകമായ മരച്ചീനിയുമാണ് ഒറ്റരാത്രി കൊണ്ട് കാട്ടാനകൾ ചവിട്ടിമെതിച്ചും തിന്നും നശിപ്പിച്ചത്. കൃഷിയിറക്കിയ ദിവസം മുതൽ വന്യമൃഗങ്ങളിൽ നിന്ന് വിളകൾ സംരക്ഷിക്കാൻ റിയാസ് കൃഷിയിടത്തിൽ തന്നെയാണ് കാവൽ കിടന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രി സംബന്ധമായ ആവശ്യത്തിനായി റിയാസ് മാറിനിന്ന കൃത്യമായ സമയത്തായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ഈ ക്രൂരമായ ആക്രമണം.
വനമേഖല കടന്ന് ജനവാസ കേന്ദ്രത്തിലേക്ക്
ശംഖിലി വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാനക്കൂട്ടം കല്ലടയാറും ചെറുതോടും കടന്ന്, പ്രധാന ഹൈവേ പാതയും മുറിച്ചുകടന്നാണ് ജനവാസമേഖലയിലെ കൃഷിയിടത്തിൽ എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രാഥമികമായി രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.
അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുളത്തുപ്പുഴ പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമാണ്. ലക്ഷങ്ങളുടെ കടബാദ്ധ്യതയിലായ റിയാസിന് അർഹമായ നഷ്ടപരിഹാരം വനംവകുപ്പ് വേഗത്തിൽ ലഭ്യമാക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |