കൊണ്ടോട്ടി: മഞ്ഞയും ഓറഞ്ചും ചായം ചാലിച്ച ചെണ്ടുമല്ലികൂട്ടങ്ങൾ കാണാൻ ആളുകൾ ഒഴുകിയെത്തുന്നത് വെറുമൊരു പൂക്കാലം ആസ്വദിക്കാൻ മാത്രമല്ല, അതിനു പിന്നിലെ നന്മയുടെ കഥയറിയാൻ കൂടിയാണ്. കൊണ്ടോട്ടി–പാണ്ടിക്കാട്–എടവണ്ണപ്പാറ റോഡിലെ കാപ്പാടൻ സ്‌ക്വയറിലെ 15 സെന്റ് സ്ഥലത്ത് പൂത്തുനിൽക്കുന്ന തോട്ടത്തിൽ നിന്നുള്ള വരുമാനം മുഴുവനായും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലെ വൃക്കരോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യും.
സൗജ ആലങ്ങാടൻ, കെ.കെ.വി. മഞ്ജുഷ, എം.വി. പ്രഷീദ എന്നിവരുടെ കൂട്ടായ്മയിലാണ് ചെണ്ടുമല്ലിപ്പാടം ഒരുങ്ങിയത്. ഓണവിപണി ലക്ഷ്യമിട്ട് തുടങ്ങിയ കൃഷിയാണെങ്കിലും, വെറുമൊരു കച്ചവടത്തിനപ്പുറം ഒരു വലിയ സാമൂഹിക സേവനമാക്കി മാറ്റാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. എസ്.എം.പി. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി നഗരസഭയും കൃഷിഭവനും പൂർണ്ണ പിന്തുണയുമായി കൈകോർത്തപ്പോൾ പദ്ധതി യാഥാർത്ഥ്യമായി. ഭൂമി ഒരുക്കുന്നതു മുതൽ കൃഷിയുടെ ഓരോ ഘട്ടത്തിലും എല്ലാവിധ പ്രോത്സാഹനങ്ങളുമായി സൗജയുടെ ഭർത്താവ് അഷ്രഫ് കാപ്പാടനും കൂടെനിന്നു.
വിളവെടുപ്പ് ഉൽസവം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. പൂക്കളുടെ ആദ്യവിൽപ്പന നഗരസഭ ചെയർമാൻ യു.കെ. മമ്മദ്ഷാ നിർവഹിച്ചു.
വിൽപ്പനയും ടിക്കറ്റും വരുമാനം
പൂത്തുലഞ്ഞ ചെണ്ടുമല്ലിപ്പാടത്തിന്റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങളും റീലുകളുമെടുക്കാനും നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
വിളവെടുപ്പിലൂടെയുള്ള പൂവിൽപ്പന തുകയ്ക്ക് പുറമെ, പൂന്തോട്ടം സന്ദർശിക്കുന്നവർക്ക് നൽകുന്ന ടിക്കറ്റുകളിലൂടെ സമാഹരിക്കുന്ന തുകയും ഡയാലിസിസ് സെന്ററിന് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |