കാളികാവ്: വർഷങ്ങളായുള്ള നാട്ടുകാരുടെ ഒരുമയുടെയും പോരാട്ടത്തിന്റെയും ഫലം കണ്ടു. കരുവാരകുണ്ട് അരിമണൽ ബദൽ സ്‌കൂൾ സർക്കാർ ഏറ്റെടുത്തു. എൽ.പി സ്‌കൂളാക്കി ഉയർത്താനും തീരുമാനമായി.
2022 മേയിൽ സംസ്ഥാനത്തെ 243 ബദൽ സ്‌കൂളുകൾ നിറുത്തലാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അന്ന് നൂറിലേറെ കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനവും അതിലുൾപ്പെട്ടു. തുടർന്ന് സർക്കാർ ഉത്തരവിനെതിരെ നാട്ടുകാർ ഹൈക്കോടതിയിൽ നിന്ന് തടസ്സവിധി സമ്പാദിച്ചു. കഴിഞ്ഞ നാലര വർഷത്തോളം സ്‌കൂൾ പ്രവർത്തിച്ചത് നാട്ടുകാരുടെ ചെലവിലാണ്.
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ഏഴ് സ്‌കൂളുകളെ എൽ.പിയാക്കുന്നതിലാണ് അരിമണൽ സ്‌കൂളും ഉൾപ്പെടുന്നത്.
സ്‌കൂളിന്റെ നിലവിലെ സാഹചര്യം വിലയിരുത്താൻ വണ്ടൂർ എ.ഇ.ഒ പ്രേംസാഗർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എ.ഇ പി. അഖിൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ നൗഷാദലി കൂരിക്കൽ തുടങ്ങിയവർ സ്‌കൂളിലെത്തി പരിശോധന നടത്തി.
1997 ഡി.പി.ഇ.പി പദ്ധതി കാലത്ത് സ്ഥാപിച്ചതാണ് എ.ജി.എൽ.സി എന്നറിയപ്പെടുന്ന ഏകാംഗ വിദ്യാലയം. 2009ൽ ഇത്തരം സ്‌കൂളുകൾ നിറുത്തലാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.
ബിരിയാണി ചലഞ്ച്, ആക്രി പെറുക്കൽ
സ്‌കൂൾ നിറുത്തലാക്കിയതോടെ നേരത്തെ അദ്ധ്യാപകരെ മറ്റു തസ്തികകളിലേക്കു മാറ്റി നിയമിച്ചിരുന്നു.
പിന്നീട് നാട്ടുകാർ നിയമിച്ച അദ്ധ്യാപകരെ വച്ചാണ് ഇത്രയും കാലം സ്‌കൂൾ പ്രവർത്തിച്ചത്.
ബിരിയാണി ചാലഞ്ച് നടത്തിയും ആക്രി പെറുക്കി വിറ്റുമാണ് നാട്ടുകാരും രക്ഷിതാക്കളും ശമ്പളത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
സ്‌കൂൾ യാഥാർത്ഥ്യമാകുന്നതോടെ അരിമണൽ, ഊത്താടംകുന്ന്, പാറക്കടവ്, ചെമ്മലപ്പടി, കുന്നക്കാവ്, പതിനൊന്നാം മൈൽ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക പഠനം എളുപ്പമാകും.
99 കുട്ടികളാണ് നിലവിൽ അരിമണൽ ബദൽ സ്‌കൂളിൽ പഠിക്കുന്നത്.
നാലര വർഷത്തോളം സർക്കാരിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചില്ലെങ്കിലും കുട്ടികളുടെ പഠനം മുടങ്ങാതെ സ്‌കൂളിനെ മുന്നോട്ടു കൊണ്ടു പോയ നാട്ടുകാരുടെ നടപടി പ്രശംസനീയമാണ്
എൻ.ഉണ്ണീൻ കുട്ടി,
പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |