SignIn
Kerala Kaumudi Online
Saturday, 17 October 2026 5.08 AM IST

ഓവർസിയർമാരില്ല; വികസന പ്രവൃത്തികൾ പ്രതിസന്ധിയിൽ

മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗത്തിൽ ഓവർസിയർമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുന്നത് വിവിധ വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പിന് കടുത്ത വെല്ലുവിളിയാകുന്നു. നിലവിൽ വിവിധ ഗ്രേഡുകളിലായി 48 ഓവർസിയർ തസ്തികകളിലാണ് ഒഴിവുള്ളത്. ഗ്രേഡ് ഒന്നിലും രണ്ടിലും ആറ് വീതവും ഗ്രേഡ് മൂന്നിൽ 36 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഒഴിവുകളുള്ളത് മലപ്പുറം,​ എറണാകുളം ജില്ലകളിലാണ്.

പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുക, റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും നിരീക്ഷിക്കുക, നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയ പ്രധാന ചുമതലകൾ നിർവഹിക്കുന്നത് ഓവർസിയർമാരാണ്. ഗ്രേഡ് 3 ഓവർസിയർമാരെയാണ് മിക്കപ്പോഴും ഫീൽഡ് ജോലികൾക്ക് നിയോഗിക്കാറുള്ളത്. അസിസ്റ്റന്റ് എൻജിനീയർമാരെ പ്ലാനുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കാൻ സഹായിക്കുക, പ്രവൃത്തികളുടെ അളവുകൾ രേഖപ്പെടുത്തുക, കരാറുകാരുടെ ബില്ലുകൾ പരിശോധിക്കുന്നതിനുള്ള വിവരങ്ങൾ തയ്യാറാക്കുക തുടങ്ങിയവയും ഓവർസിയർമാരുടെ പ്രധാന ചുമതലകളാണ്. ഒന്നിലധികം തദ്ദേശസ്ഥാപനങ്ങളുടെ ചുമതല നൽകിയും താത്ക്കാലിക നിയമനങ്ങൾ നടത്തിയുമാണ് പലയിടങ്ങളിലും മുന്നോട്ടുപോവുന്നത്. സാമ്പത്തിക വർഷം പകുതി പിന്നിട്ടിട്ടും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് ചെലവഴിക്കുന്നതിൽ ഏറെ പിന്നിലാണ്. എൻജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവും ഇതിന് കാരണമാണ്. മഴക്കാലം കഴിഞ്ഞതോടെ ഇനി നിർമ്മാണ പ്രവൃത്തികൾ സജീവമാകുന്ന സമയമാണ്. ഒഴിവുകൾ സമയബന്ധിതമായി നികത്തിയില്ലെങ്കിൽ വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.


ജോലിഭാരം വർദ്ധിക്കുന്നു

  • ജീവനക്കാരുടെ കുറവ് പൊതുജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നുണ്ട്. കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഓവർസിയർമാരാണ്. ‌
  • തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർദ്ധിപ്പിക്കാനും പരിശോധനകളിലും സാങ്കേതിക നടപടികളിലും കാലതാമസമുണ്ടാക്കാനും ഇടയാക്കുന്നുണ്ട്.
  • ഏറ്റവും കൂടുതൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നടക്കുന്നത് തദ്ദേശ വകുപ്പ് എൻജിനീയറിംഗ് വിഭാഗത്തിലാണ്.
  • സമാനമായ തസ്തികയിൽ മറ്റ് വകുപ്പുകളിൽ നിയമനം ലഭിക്കുമ്പോൾ തദ്ദേശ വകുപ്പിലെ ജോലിഭാഗവും സമ്മർദ്ദവും മുൻനിറുത്തിയാണ് ജീവനക്കാർ വകുപ്പ് വിടുന്നത്.

ആകെ 48 ഓവർസിയർമാരുടെ കുറവ്

ഓവർസിയർ ഗ്രേഡ് 1: 6 ഒഴിവ്

ഓവർസിയർ ഗ്രേഡ് 2 : 6 ഒഴിവ്

ഓവർസിയർ ഗ്രേഡ് 3 : 36 ഒഴിവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL