കർഷകരും മത്സ്യത്തൊഴിലാളികളും ആശങ്കയിൽ
ചുള്ളിയാർ സംഭരണശേഷി 154.363 മീറ്റർ
നിലവിലെ ജലനിരപ്പ് 144.17 മീറ്റർ
മുതലമട: കാലവർഷം ചതിച്ചതോടെ മുതലമട പഞ്ചായത്തിലെ പ്രധാന അണക്കെട്ടായ ചുള്ളിയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നത് കർഷകരെയും മത്സ്യത്തൊഴിലാളികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. ചുള്ളിയാർ ഡാമിനെ ആശ്രയിച്ചാണ് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ, പട്ടഞ്ചേരി, പെരുമാട്ടി തുടങ്ങിയ പഞ്ചായത്തിലെ കർഷകർ കൃഷി ഇറക്കുന്നത്. അഞ്ചു ഡാമുകൾ ഉള്ള മുതലമടയിലെ മിക്ക ഡാമുകളും ഡെഡ് സ്റ്റോറേജിന് സമാനമാണ്. 154.363 മീറ്റർ സംഭരണശേഷിയുള്ള ചുള്ളിയാറിലെ നിലവിലെ ജലനിരപ്പ് 144.17 മീറ്ററാണ്. കഴിഞ്ഞ രണ്ടു വർഷമായി ജലം സംഭരണം പരമാവധിയിൽ എത്തിക്കാൻ ഡാമുകൾക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും കാർഷകാവശ്യങ്ങൾക്കും മത്സ്യബന്ധനത്തിനും തടസ്സമില്ലാത്ത രീതിയിൽ ജലനിരപ്പ് ഡാമുകളിൽ ഉണ്ടായിരുന്നു.
ചുള്ളിയാർ ഡാമിന്റെ തെക്കേ അറ്റമായ കിണ്ണത്ത് മൊക്കിൽ ആരംഭിക്കുന്ന പലകപ്പാണ്ടി കനാൽ ശ്യംഖലയുടെ നീളം 3.9 കിലോമീറ്ററാണ്. ഇതിൽ പലകപ്പാണ്ടി, പാത്തിപ്പാറ ഒന്ന്, പാത്തിപ്പാറ രണ്ട്, ശുക്രിയൽ എന്നിങ്ങനെ നാലു കനാൽ വിയറുകളാണ് ഉള്ളത്. ഇവയുടെ ശുചീകരണം നടക്കാത്തതും പലകപ്പാണ്ടി കനാലിലൂടെയുള്ള ജല വിതരണത്തിന് തടസ്സമാകും. ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടിലുള്ള അപര്യാപ്തതയാണ് കനാൽ ശുചീകരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. 36.52 കിലോമീറ്റർ കനാൽ ശൃംഖലയുള്ള ചുള്ളിയാറിലും കനാൽ ശുചീകരണം അപൂർണ്ണമാണ്. കാലവർഷം ശക്തിപ്രാപിക്കും മുമ്പ് പലകപ്പാണ്ടി കനാൽ ശുചീകരിച്ച് വിയറുകളിൽ അടിഞ്ഞിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്ത് ചുള്ളിയാറിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് ഉറപ്പാക്കണം എന്ന് കർഷകർ ആവശ്യപ്പെട്ടു.
കാലവർഷത്തിന്റെ കുറവ് മൂലം പഞ്ചായത്തിലെ ഡാമുകളിൽ വെള്ളം വളരെ കുറവാണ്. ചുള്ളിയാർ ഡാമിലെ ജലസംഭരണത്തിന്റെ ഉറവിടമായ പലകപ്പാണ്ടിക്കനാൽ ശുചീകരണം നടത്താത്തത് അധികൃതരുടെ അനാസ്ഥയാണ്.
കെ.പ്രകാശൻ, കർഷകൻ, കാടംകുറിശ്ശി മുതലമട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |