SignIn
Kerala Kaumudi Online
Sunday, 19 July 2026 7.34 AM IST

ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി

puli
കൊല്ലങ്കോട് മേഖലയിൽ ഭീതി പരത്തിയ രണ്ട് വയസുള്ള പെൺപുലി വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ വീണപ്പോൾ.

 പറമ്പിക്കുളം വനമേഖലയിൽ തുറന്നുവിടും

കൊല്ലങ്കോട്: മാസങ്ങളായി ജനവാസ മേഖലയിലിറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. കൊല്ലങ്കോട് മേഖലയിൽ ഭീതി പരത്തിയിരുന്ന രണ്ട് വയസുള്ള പെൺപുലിയാണ് ഇന്നലെ പുലർച്ചെ വനം വകുപ്പ് ജീവനക്കാർ സ്ഥാപിച്ച കെണിയിൽ വീണത്. പിടികൂടിയ ഉടൻ പുലിയെ വൈദ്യപരിശോധനകൾക്കായി പോത്തുണ്ടിയിലേക്ക് മാറ്റി. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം, നെന്മാറ ഡി.എഫ്.ഒ പി.പ്രവീൺ, കൊല്ലങ്കോട് റേഞ്ച് ഓഫീസർ കെ.സനൂപ് നേതൃത്വത്തിൽ വിശദമായ ആരോഗ്യപരിശോധനകൾ നടത്തി പുലിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വനം വകുപ്പ് അധികൃതർ പുലിയെ പറമ്പിക്കുളം ഉൾവന മേഖലയിൽ കൊണ്ടുപോയി തുറന്നുവിടും.

 ജനങ്ങൾ ആശ്വാസത്തിൽ
മേലേചീരണി, കൊശവൻകോട്, കാളികുളമ്പ്, കൊട്ടകുറുശി, പറത്തോട്, പുത്തൻപാടം, തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ രാത്രികാല സഞ്ചാരം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരുന്നു. പുലിപ്പേടി കാരണം വിദ്യാർത്ഥികൾക്ക് പുറത്തിറങ്ങാനോ വിദ്യാലയങ്ങളിൽ പോകാനോ കഴിയാത്ത സാഹചര്യമായിരുന്നു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൂട് വെച്ച് പുലിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ജനകീയ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കെ.പ്രേമൻ എം.എൽ.എ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ്മ സേനയും (ആർ.ആർ.ടി) സംയുക്തമായി ആലോചിച്ചാണ് കഴിഞ്ഞ ഏഴാം തീയതി പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പറമ്പിക്കുളം വനമേഖലയിൽ നിന്നും ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് ഈ പ്രദേശങ്ങളിൽ പതിവ് പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് വാഴപ്പുഴയിൽ കാട്ടുപന്നി ശല്യം ഒഴിവാക്കാൻ ഒരുക്കിയ കെണിയിലും ഒരു പുലി കുടുങ്ങിയിരുന്നു. വന്യമൃഗ ശല്യത്തിന് സ്ഥിരമായൊരു പരിഹാരം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിൽ ഭീതി പരത്തിയ പുലിയെ പിടികൂടാനായതിന്റെ വലിയ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL