SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

കുമ്പനാട് - ആറാട്ടുപുഴ റോഡിൽ അപകടഭീഷണിയായി 15 വൈദ്യുതി പോസ്റ്റുകൾ

post

പുല്ലാട് : പുതുക്കി നിർമ്മിച്ച കുമ്പനാട് - ആറാട്ടുപുഴ റോഡിലെ യാത്രക്കാർക്ക് ഭീഷണിയാകുകയാണ് 15 വൈദ്യുതി പോസ്റ്റുകൾ. ഇവ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്തും കെ.എസ്.ഇ.ബിയും തമ്മിൽ ഏകോപനമില്ല. പോസ്റ്റുകൾ മാറ്റാൻ ഇരവിപേരൂർ പൊതുമരാമത്ത് ഓഫീസിൽ നിന്ന് കെ.എസ്.ഇ.ബിക്ക് കത്തു നൽകിയി​രുന്നു. ഇതി​ന് ചെലവാകുന്ന 1.93 ലക്ഷം രൂപ പി​.ഡബ്ള്യു.ഡി​ അധി​കൃതർ അടയ്ക്കണമെന്ന് കെ.എസ്.ഇ.ബി കുമ്പനാട് സെക്ഷൻ ഓഫീസ് അധി​കൃതർ മറുപടി​യും നൽകി​. കഴിഞ്ഞ മാർച്ചിലാണ് കെ.എസ്.ഇ.ബി ചെലവ് പണം ചോദിച്ചത്. ഇക്കാര്യം ചീഫ് ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

തീരുമാനം വൈകുന്തോറും റോഡിൽ അപകട സാദ്ധ്യത നിലനിൽക്കുകയാണ്. റോഡിന് വീതി കൂട്ടിയപ്പോൾ 15 പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതായിരുന്നു. കോയിപ്രം ഗവ.സ്കൂളിന് സമീപത്തെ കൊടുംവളവിലെ പോസ്റ്റാണ് റോഡിലേക്ക് കൂട‌ുതലായി തള്ളിനിൽക്കുന്നത്. ആറാട്ടുപുഴ ഭാഗത്തേക്കു പോകുന്ന റോഡിന്റെ ഇടതുവശത്തെ വളവിലാണ് പോസ്റ്റ്. ഇതുവഴി വരുന്ന വാഹനങ്ങൾ പോസ്റ്റിലിടിക്കാതിരിക്കാൻ വലത്തോട്ട് മാറ്റിയാൽ പിന്നിൽ നിന്നാേ എതിരേ വരുന്നതോ ആയ വാഹനങ്ങൾ ഇടിക്കാൻ സാദ്ധ്യതയുണ്ട്. പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

പഴിചാരി വകുപ്പുകൾ

പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റോഡുപണി തുടങ്ങുന്നതിന് മുൻപും ശേഷവും നാട്ടുകാർ കെ.എസ്.ഇ.ബിയെയും പൊതുമരാമത്തിനെയും സമീപി​ച്ചിരുന്നു. അപകട ഭീഷണിയിലായ പോസ്റ്റുകൾ അടിയന്തര സാഹചര്യം പരിഗണിച്ച് കെ.എസ്.ഇ.ബിക്ക് മാറ്റാവുന്നതേയുള്ളുവെന്ന് പൊതുമരാമത്ത് പറയുന്നു. ഫണ്ട് അനുവദിച്ചു കിട്ടുമ്പോൾ കെ.എസ്.ഇ.ബിക്ക് കൈമാറും. ചെമ്പകശേരി ഭാഗത്ത് വാഹനം ഇടിച്ചുതകർന്ന പോസ്റ്റ് ഇത്തരത്തിൽ കെ.എസ്.ഇ.ബി മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഒടിയുന്ന പോസ്റ്റുകളും റോഡ് പണിയുടെ ഭാഗമായി മാറ്റേണ്ടവയും രണ്ടായിട്ടാണ് കാണുന്നതെന്ന് കെ.എസ്.ഇ.ബി വി​ശദമാകുന്നു.

6 കോടി ചെലവിൽ വികസിപ്പിച്ച റോഡ്,
പോസ്റ്റുകൾ മാറ്റാൻ 1.93ലക്ഷം ചോദിച്ച് കെ.എസ്.ഇ.ബി

വൈദ്യുതി പോസ്റ്റുകൾ മാറ്റാതിരുന്നത് പൊതുമരാമത്തിന്റെയും കെ.എസ്.ഇ.ബിയുടെയും അനാസ്ഥയാണ്. അപക‌ടം ഉണ്ടാകുന്നത് വരെ കാത്തിരിക്കാതെ പോസ്റ്റുകൾ വേഗത്തി​ൽ മാറ്റണം.

രാജേഷ് ആർ.പിള്ള, നാട്ടുകാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL