
കോഴഞ്ചേരി : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ 52 പള്ളിയോട കരക്കാർ ഉൾപ്പടെ പതിനായിരങ്ങൾ പങ്കെടുത്തു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഉച്ചപൂജ കഴിഞ്ഞ് 12.30 ഓടെ മേൽശാന്തി വി.എസ്.ശങ്കരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് പകർന്നുനൽകിയ ദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഏറ്റുവാങ്ങി ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിൽ എത്തിച്ചു. ഇവിടെ ഒരുക്കിയ നിലവിളക്കിലേക്ക് തന്ത്രി അക്കിരമൺ കാളിദാസ ഭട്ടതിരി ദീപം പകർന്നതോടെ ഭഗവത് സ്‌തുതികൾ മുഴങ്ങി. തുടർന്ന് എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ.അജിത് കുമാർ പ്രത്യേക പീഠത്തിൽ തയ്യാറാക്കിയ തൂശനിലയിലേക്ക് വിഭവങ്ങൾ വിളമ്പി. അബിൻ വർക്കി എം.എൽ.എ , പളളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് , ട്രഷറർ രമേശ് മാലിമേൽ , വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, സദ്യയ്ക്കാവശ്യമായ അരി സംഭാവന ചെയ്ത കീഴുകര ഇട്ടിയം വേലിൽ പ്രസന്നകുമാർ എന്നിവരും വിഭവങ്ങൾ ഭഗവാന്റെ മുന്നിൽ വിളമ്പി. 52 പള്ളിയോടക്കരകൾ ക്കായി തയ്യാറാക്കിയ പന്തലിൽ ആദ്യം പള്ളിയോട പ്രവർത്തകർക്കും പിന്നീട് ഭക്ത ജനങ്ങൾക്കും കരനാഥൻമാർ സദ്യ വിളമ്പി. ക്ഷേത്ര മുറ്റത്ത് തെക്കുവശത്തായി ഭക്തജനങ്ങൾക്ക് മാത്രമായി സമൂഹസദ്യ വിളമ്പാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. 44 തരം വിഭവങ്ങൾ ഉൾപ്പെടുത്തി 3 മണി വരെ നീണ്ട സമൂഹസദ്യയിൽ അൻപതിനായിരത്തോളം ഭക്തർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |