
പത്തനംതിട്ട : വാർദ്ധക്യത്തിലെ ഒറ്റപ്പെടലിന് ആശ്വാസമാകുന്ന വയോജന ബില്ല് ആശങ്കയ്ക്കും ഇടയൊരുക്കുന്നു. ജില്ലയുടെ ജനസംഖ്യയുടെ 18 ശതമാനം വയോജനങ്ങളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പല വീടുകളിലും വൃദ്ധജനങ്ങൾ മാത്രമാണുള്ളത്. വയോജന ബില്ലിൽ പറയുന്ന പോലെ ആരോഗ്യകരമായ വാർദ്ധക്യം വീട്ടിൽ ഉറപ്പാക്കണമെങ്കിൽ അവർ കൃത്യമായി സംരക്ഷിക്കപ്പെടണം. നിലവിലെ സാഹചര്യമനുസരിച്ച് വീടുകളിൽ തനിച്ച് താമസിക്കുന്നവർക്ക് സംരക്ഷമൊരുക്കണമെങ്കിൽ പ്രവാസികളായ മക്കൾ അവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നത് വലിയ ആശങ്കയ്ക്കാണ് ഇടനൽകുന്നത്. അല്ലെങ്കിൽ വീട്ടിൽ ഹോം നഴ്സ് ഉൾപ്പടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരും. പരിചയസമ്പന്നരായ കെയർടേക്കർമാർ, നഴ്സുമാർ എന്നിവരെ കണ്ടെത്തുക എന്നതും ശ്രമകരമായ ദൗത്യമാണ്.
പരിചരണത്തിനായി ഏജൻസികൾ വഴിയും മറ്റും എത്തുന്ന കെയർടേക്കർമാരുടെ സേവനം കൃത്യമായി നിരീക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവർക്ക് പരിശീലനവും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ ലഭ്യതക്കുറവ് പ്രതിസന്ധിയാകും.
ബാത്ത് റൂമിൽ വീണുകിടന്ന വൃദ്ധയെ രണ്ടുദിവസത്തിന് ശേഷം ഫയർഫോഴ്സെത്തി വീടിന്റെ പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തിയ സംഭവം മുതൽ വൃദ്ധദമ്പതികളുടെ കൊലപാതകം വരെ നിരവധി സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്.
വൃദ്ധസദനങ്ങളിൽ ഉള്ളവർ 1724
ജില്ലയിലെ 45 വൃദ്ധസദനങ്ങളിൽ 1724 പേർ അന്തേവാസികളായിട്ടുണ്ട്. പുതിയ ബില്ലനുസരിച്ച് വീഴ്ചകൾക്ക് കർശന ശിക്ഷയാണുള്ളത്. അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തുക, ശാരീരിക, മാനസിക പീഡനത്തിന് ഇരയാക്കുക, സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ളയാൾ ഉപേക്ഷിക്കുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് വർഷം തടവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. വൃദ്ധ ജനങ്ങളെ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ തുക സർക്കാരിൽ നിന്ന് പലപ്പോഴും ലഭിക്കുന്നില്ല. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
ഉയർന്ന ആയുർദൈർഘ്യം, ജനസംഖ്യാ വളർച്ചയിലെ കുറവ്, വിദേശങ്ങത്തിലേക്ക് കുടിയേറുന്ന പ്രവണത എന്നിവയെല്ലാം പത്തനംതിട്ടയെ വയോജനങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിറുത്തുന്ന ഘടകങ്ങളാണ്.
പ്രായമായവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒ.പി ടിക്കറ്റിന് വരെ പണം നൽകേണ്ടിവരും. സർക്കാർ ആശുപത്രികളെങ്കിലും ഇത്തരത്തിലുള്ള നടപടികൾ ഒഴിവാക്കണം. ആരോഗ്യപ്രശ്നമുള്ളവരാണ് ഇവരിലധികവും. സംരക്ഷണ ഉറപ്പ് വരുത്താൻ സർക്കാരിന്റെ സഹായം കൂടി ലഭ്യമാക്കണം.
വൃദ്ധസദന മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |