SignIn
Kerala Kaumudi Online
Friday, 16 October 2026 3.47 AM IST

മണിമലയാറ്റിൽ സുരക്ഷ ഇല്ലാതെ കടവുകൾ അടിഞ്ഞുകൂടി എക്കലും, ചെളിയും

1
മണിമലയാറ്റിലെ മുരണി കുഴിപ്പുഴ കടവിലേക്ക് ഇറങ്ങുന്ന റോഡിൽ കാട് വളർന്നുനിൽക്കുന്ന നിലയിൽ

മല്ലപ്പള്ളി : മണിമലയാറ്റിലെ കുളിക്കടവുകളും കടവുകളിലേക്കുള്ള വഴികളും അപകട ഭീതിയിൽ.

പടിക്കെട്ടുകൾ തകർന്നത് പുനരുദ്ധരിക്കാത്തതും വെള്ളപ്പൊക്കത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്യാത്തതുമാണ് ദുരിതത്തിന് കാരണം. മല്ലപ്പള്ളി പഞ്ചായത്തിലെ വടക്കൻകടവ്, കുഴിപ്പുഴ, വടക്കേടത്ത്, മുണ്ടോലി, കാവനാൽ, പുളിഞ്ചുവട്, ഐരേടത്ത് എന്നീ കടവുകളിലെല്ലാം മണ്ണ് അടിഞ്ഞു കൂടിക്കിടക്കുന്ന സ്ഥിതിയാണ്. മഴ വേണ്ട വിധം ലഭിക്കാത്തതിനാൽ മലയോരപ്രദേശത്തും മറ്റിടങ്ങളിലുമുള്ളവർ കുളിക്കാനും തുണി അലക്കാനും ആശ്രയിക്കുന്ന കടവുകളാണ് ഏറെയും. ചിലയിടങ്ങളിൽ പടവുകളിൽ നിന്ന് ജലനിരപ്പ് താഴ്ന്നതിനാൽ നദിയിലേക്കിറങ്ങുന്നതിനും ബുദ്ധിമുട്ടാണ്. സുരക്ഷയില്ലാത്തതിനാൽ അത്യാഹിതമുണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. മിക്ക കടവുകളിലേക്ക് ഇറങ്ങുന്ന റോഡുകളിൽ കാടും പടർപ്പുമാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കോട്ടാങ്ങൽ, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ കടവുകളിലെയും സ്ഥിതി ഭിന്നമല്ല. മല്ലപ്പള്ളി പഞ്ചായത്തിലെ ചീരാക്കടവിലെ പടിക്കെട്ടുകളിൽ വർഷങ്ങൾക്കു മുൻപു ഇടിഞ്ഞുവീണ കരിങ്കല്ലുകൾ നീക്കംചെയ്യാത്തതിനാൽ ഇവിടേക്ക് ആളുകൾ എത്താറില്ല. സംസ്‌ഥാന ദുരന്തനിവാരണഫണ്ടിൽനിന്നു പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലെ ചില കടവുകളിൽ അടിഞ്ഞുകൂടിയിരുന്ന മണ്ണും മാലിന്യവും വർഷങ്ങൾക്കു മുൻപ് നീക്കം ചെയ്തിരുന്നു. എന്നാൽ, പൂർണതോതിൽ നടത്താതിരുന്നതുമൂലം പ്രയോജനം ലഭിച്ചില്ലെന്ന ആക്ഷേപമുണ്ട്. നദിയുടെ മദ്ധ്യത്തിൽ രൂപപ്പെട്ടിരുന്ന മൺപുറ്റുകളും ചിലയിടങ്ങളിൽ നീക്കിയിരുന്നു.

അപകടങ്ങൾക്ക് പ്രധാന കാരണം

.......................................................................

1. പല കടവുകളിലെയും കോൺക്രീറ്റ് അല്ലെങ്കിൽ കല്ല് പടിക്കെട്ടുകൾ തകർന്ന നിലയിൽ. വഴുക്കലുള്ള പായലും, ചെളിയും അടിഞ്ഞുകൂടുന്നത് വഴുതി വീഴാൻ കാരണമാകുന്നു.

2. വെള്ളപ്പൊക്കത്തിന് ശേഷം പുഴയിലെ അടിത്തട്ടിന്റെ ഘടന മാറി വലിയ കുഴികൾ രൂപപ്പെട്ടതും അടിയൊഴുക്കുകൾ കൂടിയതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. അപരിചിതർ ആഴങ്ങളിലേക്ക് താഴ്ന്നു പോകുന്നതിന് ഇത് കാരണമാകുന്നു.

3. അപകടത്തിൽ പെടുന്നവരെ യഥാസമയം രക്ഷിക്കാൻ സൗകര്യങ്ങൾ ഒരു കടവിലുമില്ല. കൂടുതൽ ആഴങ്ങൾ ഉള്ള ഭാഗങ്ങളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.

4. പുഴയുടെ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ആളുകളും അന്യസംസ്ഥാന തൊഴിലാളികളും സാഹസികമായി കുളിക്കാൻ ഇറങ്ങി അപകടത്തിൽപ്പെടുന്ന സംഭവം ഏറെയാണ്.

.........................................

പ്രദേശത്തെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പടവുകളിലെ ചെളിയും പായലും നീക്കംചെയ്ത് പടവുകൾ അടിയന്തരമായി പുനരുദ്ധരിക്കുന്നതിന് പദ്ധതി വിഭവനം ചെയ്യണം.

മഹേഷ് എം.ആർ

(മൂർത്തിപ്ലാക്കൽ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL