SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

കൈയേറ്റ ഭീതിയിൽ കടലുകാണിപ്പാറ

photo-1

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുപുഴ വാർഡിൽ വെമ്പിൽ മണലയത്തെ ടൂറിസം സാദ്ധ്യതയുള്ള കടലുകാണിപ്പാറ കൈയേറി പാറപൊട്ടിക്കാൻ ശ്രമിക്കുന്നതായി പരാതി. നൂറ്റാണ്ടുകൾ പഴക്കമുള്ള നാടിന്റെ മുഖമുദ്ര‌യായ കടലുകാണിപ്പാറയും അതിനോടുചേർന്നുള്ള 28 ഏക്കർ സ്ഥലത്തിൽ ഭൂരിഭാഗവും പാറക്വാറി മാഫിയ കൈയടക്കി. ഇതിൽ അടിയന്തര അന്വേഷണം നടത്തണമെന്നും കൈയേറിയ സ്ഥലങ്ങൾ തിരികെ ഏറ്റെടുക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഒരു വർഷം മുമ്പ് പാറ പൊട്ടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അന്ന് നടന്നില്ല.

അന്ന് കേരളകൗമുദി നൽകിയ വാർത്തയെ തുടർന്ന് ഈ സ്ഥലം സർക്കാർ ഭൂമിയാണെന്നും ഇവിടെ അനധികൃതമായി പ്രവേശിക്കുന്നത് കുറ്റകരമാണെന്നും കാണിച്ച് റവന്യൂ വകുപ്പ് സ്ഥാപിച്ച ബോർഡ് നിലവിൽ നശിപ്പിച്ചു. സകല സർക്കാർ ഉത്തരവുകളും ലംഘിച്ചുകൊണ്ട് പാറയുടെ വിവിധ ഭാഗങ്ങളിൽ കുറ്റികൾ അടിച്ച് ചുവപ്പ് തുണികൾ കെട്ടി പാറ പൊട്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഭീമൻ ചവിട്ടിയ പാറയിലെ ഉറവ വറ്റാത്ത കുളം ഉൾപ്പെടെ നികത്തുന്നതിനായി വലിയ കല്ലുകളും തള്ളിയ നിലയിലാണ്.

 പ്രധാന കേന്ദ്രം

വിനോദ സഞ്ചാര പ്രാധാന്യം ഏറെയുള്ള പ്രദേശമാണ് കടലുകാണിപ്പാറ. നന്ദിയോട് പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഭീമൻ ചവിട്ടിയെന്ന് ഐതീഹ്യമുള്ള പാറയും പത്തടിയോളം താഴ്ചയിലുള്ള പാറയ്ക്കുള്ളിലെ കുളവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. കൊടിയ വേനലിൽ പോലും കുളം വറ്റാറില്ല. കുളത്തിന്റെ അടിഭാഗത്തായി കാൽപ്പാദം പതിഞ്ഞതു പോലുള്ള അടയാളം ഇവിടെ കാണാം. അതിനാലാണ് ഭീമൻ ചവിട്ടിയ പാറ എന്നറിയപ്പെടുന്നത്. ആനപ്പാറ, ചരിഞ്ഞ ഗുഹ എന്നിങ്ങനെയുള്ള വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന പാറശേഖരവും ഇവിടെയാണ്. എന്നാൽ പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം ഭൂമാഫിയ കൈയേറുകയും പാറയോടു ചേർന്ന് ഇരുമ്പുവേലി കെട്ടുകയും ചെയ്തു.പാറയിൽ വേലി കെട്ടാനായി പാറ തുരന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു.

 ഭീതിയോടെ ജനം

പാറ പൊട്ടിക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇരുന്നൂറോളം കുടുംബങ്ങൾ വഴിയാധാരമാകും. കൂടാതെ നിരവധി വീടുകൾ തകർന്ന് തരിപ്പണമാകും. ഈ പാറയുടെ അടിഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസുകൾ അപ്രത്യക്ഷമാകും. മലയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ പൂർണമായും നശിക്കും. അതിനാൽ കൈയേറ്റം ഒഴിപ്പിച്ച് സംരക്ഷിത പ്രദേശമാക്കി ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL