SignIn
Kerala Kaumudi Online
Tuesday, 09 June 2026 6.45 AM IST

ചെറുതുരുത്തി സ്‌കൂളിനു മുന്നിൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷം

photo-
തൃശ്ശൂർ ഷോർണൂർ സംസ്ഥാനപാതയിൽ ചെറുതുരുത്തി സ്കൂളിനു മുന്നിലെ വെള്ളക്കെട്ട്

ചെറുതുരുത്തി: കാലവർഷം കനത്തത്തോടെ തൃശൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു മുൻപിൽ വെള്ളക്കെട്ട് രൂക്ഷം. സ്‌കൂൾ തുറന്നതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും റോഡ് മുറിച്ചു കടക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി വലിയ തോതിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. റോഡ് പൂർണമായും മൂടിയ അവസ്ഥയാണ് ഉള്ളത്. രണ്ടുവർഷത്തോളമായി മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സ്ഥലമാണ് ഇവിടെ. വെള്ളക്കെട്ടിൽ തെരുവുനായ രണ്ടുദിവസത്തോളം ചത്ത് കിടന്നിരുന്നു. ഇത്തരത്തിൽ നിരവധി ജീവികൾ വാഹനാപകടങ്ങളിലും മറ്റുമായി വെള്ളക്കെട്ടിൽ ചത്തു കിടന്നാൽ രോഗവ്യാപനം ഉണ്ടാകുവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇരുചക്ര വാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയും ആണ് ഇത് കൂടുതലായി ബാധിക്കുന്നത്. റോഡ് മുറിച്ച് കടക്കുന്നതിന് ഏറെസമയം കാത്തു നിൽക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇതുമൂലം ഗതാഗതകുരുക്കും വാഹനങ്ങളുടെ നീണ്ടനിരയും ഇവിടെ സ്ഥിരം കാഴ്ചയാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാൽ റോഡിന്റെ ഒരു വശം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾ ഈ കുഴികളിൽപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നതും നിത്യസംഭവമാണ്. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ വിദ്യാർത്ഥികളുടെയും കാൽനടയാത്രക്കാരുടെയും ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു ഉണ്ടാകുന്ന വാക്ക് തർക്കങ്ങളും നിരവധിയാണ്. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന വെള്ളച്ചാലുകൾ മൂടപ്പെട്ടതിനാലും ചാലുകളുടെ അശാസ്ത്രീയ നിർമ്മാണവുമാണ് വെള്ളക്കെട്ടിന് കാരണം. റോഡിന്റെ ഒരുവശം മാത്രമാണ് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകൾ നിർമ്മിച്ചിട്ടുള്ളത്. ഈ ചാലുകൾ പൂർണമായും മണ്ണ് നിറഞ്ഞ അവസ്ഥയിലാണ്. കൊച്ചിൻ പാലം മുതൽ കലാമണ്ഡലം വരെ റോഡിന്റെ ഇരുവശങ്ങളിലുമായി നടപ്പാത നിർമ്മിക്കാൻ മുൻപ് പഞ്ചായത്തിനു പദ്ധതി ഉണ്ടായിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം ടൗണിലെ 200 മീറ്ററിൽ മാത്രമാണ് നടപ്പാത നിർമ്മാണം നടപ്പിലായത്. നിരവധി പരാതികളെ തുടർന്ന് ചേലക്കര പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി വെള്ളക്കെട്ട് നീക്കം ചെയ്യുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു.

വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് പി.ഡബ്ല്യു.ഡി പുതിയ കലുങ്ക് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ടെൻഡർ നടപടികൾ എത്രയും വേഗത്തിൽ പൂർത്തീകരിച്ച് പണി ആരംഭിക്കും.
-ഹരിപ്രസാദ്
(പി.ഡബ്ല്യു.ഡി, ചേലക്കര)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL