SignIn
Kerala Kaumudi Online
Monday, 15 June 2026 12.16 AM IST

ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ കുന്നിടിച്ച് മണ്ണ് കടത്ത്: ഹൈക്കോടതിയിൽ കളക്ടറുടെ പുതിയ സത്യവാങ്മൂലം

kunnu

പുതുക്കാട്: ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ കല്ലൂർ വില്ലേജിലെ വിവിധസ്ഥലങ്ങളിൽനിന്നും അനധികൃതമായി കുന്നിടിച്ച് മണ്ണ് കടത്തി ഗുരുതരമായ പാരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കിയ സംഭവത്തിൽ നാട്ടുകാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വഴിത്തിരിവ്. ജില്ലാ കളക്ടർ ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ച കോടതി പുതിയ കക്ഷികളെ കണ്ടെത്തുകയും ഇവരെ കേസിൽ അധിക കക്ഷികളായി ചേർക്കുകയും ഹർജിക്കാരന്റെ അഭിഭാഷകന് വിവരങ്ങൾ നൽകണമെന്നും കാട്ടി ഉത്തരവിട്ടു. ജസ്റ്റിസ് സൗമൻസെൻ, ജസ്സിസ് ശ്യം കുമാർ എന്നിവരാണ് കേസ് പരിഗണിച്ചത്. കേസ് ജൂലായ് 8 ന് വിണ്ടും പരിഗണിക്കും. ദേശീയപാത നിർമ്മാണത്തിന് മണ്ണ് നൽകാൻ കരാറെടുത്ത കമ്പനി ഏതാനും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ചെങ്കുത്തായ പട്ടയ ഭൂമിയിൽ നിന്നും മണ്ണെടുക്കുന്നതിന് അനുമതിക്കായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാതല എക്‌സ്പർട്ട് കമ്മിറ്റി മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നു. എക്‌സ്്പർട്ട് കമ്മിറ്റി അപേക്ഷ പരിശോധിക്കുന്നതിന് മുമ്പ് തന്നെ രാത്രിയും പകലുമായി പരിസരവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ഖനനം തുടർന്നു. അനുമതി ലഭ്യമാകുകയോ റോയൽറ്റി അടക്കുകയോ ചെയ്യാതെ അനധികൃതമായി മണ്ണെടുത്ത് ദേശീയ പാത നിർമ്മാണത്തിനും തണ്ണീർത്തടങ്ങൾ നികത്താനും കടത്തി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ പരാതിയിൽ ജിയോളജി വകുപ്പ് കമ്പനിയിൽ നിന്നും 8,31,600 രൂപ പിഴ ചുമത്തി. വീണ്ടും ഘനനം തുടർന്നപ്പോഴാണ് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ പൊതുപ്രവർത്തകനും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വേലുപ്പാടം സ്വദേശി ടി.എൻ.മുകുന്ദൻ ജില്ലാ കളക്ടർക്ക് വിശദമായ പരാതി നൽകിയിരുന്നു. ചെങ്കുത്തായ സ്ഥലങ്ങളിൽ നിന്നും മണ്ണെടുക്കുന്നതിന് സുപ്രിം കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങൾ ഉൾപ്പടെയുള്ള സാങ്കേതിക വിഷയങ്ങൾ പരാതിയിൽ മുകുന്ദൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് ജില്ലാകളക്ടർ ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL