ന്യൂഡൽഹി: ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തിനായുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. ഇപ്പോഴിതാ മലയാളി താരം സഞ്ജു സാംസണിന് കൂടുതൽ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. നിലവിൽ ടീമിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സഞ്ജു, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവർ തുടരുന്നതാണ് ഉചിതമെന്നും രഹാനെ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോകകപ്പിൽ കളിച്ച അതേ ആദ്യ മൂന്ന് താരങ്ങൾ തന്നെയായിരിക്കണം ഇപ്പോഴും. സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാൽ രണ്ടോ മൂന്നോ മോശം ഇന്നിംഗ്സുകൾക്ക് ശേഷം അദ്ദേഹത്തെ ഒഴിവാക്കി. സഞ്ജുവിന് ഒരു അവസരം കൂടി നൽകണമെന്നാണ് എന്റെ അഭിപ്രായം. അഭിഷേകും ഇഷാനും ടീമിനായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. വൈഭവിന് അവസരങ്ങൾ ലഭിക്കും. അദ്ദേഹത്തിന്റെ സമയവും വരും. എന്നാൽ നിലവിൽ സഞ്ജു, അഭിഷേക്, ഇഷാൻ എന്നിവരായിരിക്കണം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ കളിക്കേണ്ടത്. ലോകകപ്പിൽ ടീമിന്റെ വിജയത്തിൽ നിർണായക സംഭാവന നൽകിയവരാണ് അവർ,'- രഹാനെ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ തിരിച്ചുവിളിച്ചതിൽ സന്തോഷമുണ്ടെന്നും രഹാനെ പറഞ്ഞു. ഈ വർഷം ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയപ്പോൾ സഞ്ജുവായിരുന്നു പരമ്പരയിലെ മികച്ച താരമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 'സഞ്ജു ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. ലോകകപ്പിൽ അദ്ദേഹം 'മാൻ ഓഫ് ദ സീരീസ്' ആയിരുന്നു. കാര്യങ്ങൾ അദ്ദേഹത്തിന് അനുകൂലമല്ലാത്ത തരത്തിൽ പലതും സംഭവിച്ചു. എന്നാൽ സഞ്ജു ഒരു മത്സരവിജയിയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് നൽകും,'- രഹാനെ കൂട്ടിച്ചേർത്തു.
Former Indian cricketer Ajinkya Rahane advocates for Sanju Samson to receive more T20 opportunities, suggesting he, Abhishek Sharma, and Ishan Kishan form India's top three. Rahane, speaking on his YouTube channel, highlighted Samson's past performances and stated he was Man of the Series when India won this year's T20 World Cup, despite being dropped previously.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |