
തെങ്ങുകൃഷി പുനരുജ്ജീവനത്തിന്
‘കോക്കനട്ട് റീജുവനേഷൻ പ്ലാൻ'
കുറ്റ്യാടിയിൽ കോക്കനട്ട് ഡെവലപ്പ്മെന്റ് പാർക്ക് വരും
തിരുവനന്തപുരം: സംസ്ഥാനത്തെ തെങ്ങുകൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെയും നാളികേര വികസന ബോർഡിന്റെയും സഹകരണത്തോടെ ‘കോക്കനട്ട് റീജുവനേഷൻ പ്ലാൻ’ നടപ്പാക്കാൻ കൃഷിവകുപ്പ്. നാളീകേരത്തിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം മൂല്യവർദ്ധന, വിപണനം, കയറ്റുമതി എന്നിവയുമായി കൃഷിയെ ബന്ധിപ്പിച്ചുള്ള സമഗ്ര വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ പങ്കാളികളെ പങ്കെടുപ്പിച്ച് സ്‌റ്റേക്ക്ഹോൾഡേഴ്‌സ് യോഗങ്ങൾ സംഘടിപ്പിക്കും. നാളീകേരാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വികസനവും കയറ്റുമതി സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് കുറ്റ്യാടിയിൽ 'കോക്കനട്ട് ഡെവലപ്പ്മെന്റ് പാർക്ക്' സ്ഥാപിക്കും. നാളികേരത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങൾ, വിപണി മാനേജ്‌മെന്റ്, കയറ്റുമതി തുടങ്ങിയവ ഏകോപിപ്പിക്കുന്ന കേന്ദ്രമായി പാർക്കിനെ വികസിപ്പിക്കും. നീര പദ്ധതിയും കർഷക ഉത്പാദന സംഘടനകളും പുനരുജ്ജീവിപ്പിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. മൂന്ന് മാസത്തിനുള്ളിൽ കയറ്റുമതിക്കാരെയും സംരംഭകരെയും പങ്കെടുപ്പിച്ച് ബി2ബി മീറ്റുകൾ സംഘടിപ്പിക്കും.
ശാസ്ത്രീയ കൃഷിക്ക് പ്രാമുഖ്യം
പരമ്പരാഗത രീതിയിൽ നിന്ന് മാറി ശാസ്ത്രീയവും ആസൂത്രിതവുമായ തെങ്ങുകൃഷി മാതൃക നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ശാസ്ത്രീയമായ അകലം പാലിച്ചുള്ള നടീൽ, മണ്ണുപരിശോധന, കൃത്യമായ വളപ്രയോഗം, രോഗനിയന്ത്രണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാകും.
ലക്ഷ്യങ്ങൾ
നാളീകേര മേഖലയിൽ മൂല്യവർദ്ധനയ്ക്ക് പ്രാമുഖ്യം
ഗവേഷണത്തിനും ഉത്പന്ന വികസനത്തിനും സഹായം
ഉത്പാദനം മുതൽ കയറ്റുമതി വരെ ഏകോപിപ്പിക്കും
കേന്ദ്ര കൃഷി മന്ത്രിയുമായും നാളികേര വികസന ബോർഡുമായും കേരളത്തിലെ തെങ്ങ് കൃഷി വികസന പദ്ധതികളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്
ടി.സിദ്ദിഖ്
കൃഷിമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |