
25 വർഷം പഴക്കമുള്ള ബസ് മാറ്റി
കൊല്ലം: യാത്രാക്ലേശം നേരിട്ട കൊല്ലം കടയ്ക്കൽ മുക്കുന്നം മന്നാനിയ ബനാത്ത് യത്തീംഖാനയിലെ വിദ്യാർത്ഥികൾക്ക് പുതിയ സ്കൂൾ ബസ് സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 25 വർഷമായി ഉപയോഗിച്ചിരുന്ന ബസ് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് പുതിയ ബസിനായി യത്തീംഖാന അധികൃതർ യൂസഫലിയോട് അഭ്യർത്ഥിച്ചത്.
റമദാൻ മാസത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ മന്നാനിയ ചെയർമാനുമായ കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി കത്തിലൂടെയാണ് വിദ്യാർത്ഥികളുടെ യാത്രാദുരിതം യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രോഗശയ്യയിലായിരുന്ന മൗലവിയെ കഴിഞ്ഞമാസം സന്ദർശിച്ച വേളയിൽ പുതിയ ബസ് എത്രയും വേഗം വാങ്ങിനൽകാൻ ലുലു പ്രതിനിധികൾക്ക് യൂസഫലി നിർദേശം നൽകുകയായിരുന്നു.
പുതിയ ബസിന്റെ താക്കോൽ ലുലു പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങിയ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി യൂസഫലിക്ക് നന്ദി അറിയിച്ചു. ജാതി, മത, വംശ, ലിംഗ വ്യത്യാസമില്ലാതെ അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലുലു ദക്ഷിണ കേരളം-തമിഴ്നാട് ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ സംസാരിച്ചു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് അദ്ധ്യക്ഷത വഹിച്ചു. കുമ്മിൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ഇർഷാദ്, ലുലു ഗ്രൂപ്പ് പ്രതിനിധി നൗഫൽ കരീം, മന്നാനിയ അസിസ്റ്റന്റ് സെക്രട്ടറി പാങ്ങോട് കമറുദ്ദീൻ മൗലവി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |