SignIn
Kerala Kaumudi Online
Sunday, 13 September 2026 1.49 AM IST

നാണയപ്പെരുപ്പം തണുക്കുംവരെ പലിശനിരക്ക് വർദ്ധന തുടരും

mpc

കൊച്ചി: റീട്ടെയിൽ നാണയപ്പെരുപ്പം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണ് റിസർവ് ബാങ്കിന്റെ ധനനയ നിർണയസമിതി (എം.പി.സി) തുടർച്ചയായി റിപ്പോനിരക്ക് കൂട്ടുന്നത്. നാണയപ്പെരുപ്പം 4-6 ശതമാനത്തിനുള്ളിൽ തുടരുന്നതാണ് ഇന്ത്യയ്ക്ക് അഭികാമ്യം. ഏപ്രിലിലെ എട്ടുവർഷത്തെ ഉയരമായ 7.8ൽ നിന്ന് ജൂണിൽ ഇത് 7.01 ശതമാനമായെങ്കിലും ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് എം.പി.സി ചൂണ്ടിക്കാട്ടി.

കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും മൂലം ആഗോളതലത്തിൽ അവശ്യവസ്തുക്കളുടെ ഉത്‌പാദനം, വിതരണം എന്നിവ തടസ്സപ്പെട്ടതോടെയാണ് വിലക്കയറ്റം അതിരൂക്ഷമായത്. ആഗോള സമ്പദ്‌വളർച്ചയ്ക്കും ഇത് തിരിച്ചടിയായി.

പ്രതിസന്ധിക്ക് തടയിടാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, ബ്രിട്ടന്റെ ബാങ്ക് ഒഫ് ഇംഗ്ളണ്ട് തുടങ്ങിയവ അടക്കം അടിസ്ഥാന പലിശനിരക്ക് കൂട്ടി നാണയപ്പെരുപ്പം (വിലക്കയറ്റം) നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്.

പൊതുവിപണിയിലെ അധികപ്പണം നിയന്ത്രിച്ച് വിലക്കയറ്റം പിടിച്ചുനിറുത്താനാണ് നീക്കം. ഇതേ ട്രെൻഡിനൊപ്പമാണ് റിസർവ് ബാങ്കും.

ഇന്ത്യ വളരും 7.2%

നടപ്പുവർഷം (2022-23) ഇന്ത്യ 7.2 ശതമാനം വളരുമെന്ന മുൻനിലപാട് റിസർവ് ബാങ്ക് ഇന്നലെയും ആവർത്തിച്ചു. ഏപ്രിൽ-ജൂണിൽ 16.1 ശതമാനം, ജൂലായ്-സെപ്‌തംബറിൽ 6.2 ശതമാനം, ഒക്‌ടോബർ-ഡിസംബറിൽ 4.1 ശതമാനം, ജനുവരി-മാർച്ചിൽ 4 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷ. അടുത്ത ഏപ്രിൽ-ജൂണിൽ 6.7 ശതമാനം.

നാണയപ്പെരുപ്പം ഈവർഷം 6.7 ശതമാനമായിരിക്കും. ഇത് ആശ്വാസനിരക്കായ 6 ശതമാനത്തിന് താഴെയെത്തുംവരെ പലിശനിരക്ക് വർദ്ധിപ്പിക്കുന്നത് തുടർന്നേക്കും.

''ഇറക്കുമതി ഉത്‌പന്നങ്ങളിലൂടെയുള്ള നാണയപ്പെരുപ്പമാണ് ഇന്ത്യയ്ക്ക് പ്രതിസന്ധി. ജൂണിൽ നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും ആശ്വാസിക്കാനായിട്ടില്ല. ഈ സ്ഥിതി വരുംമാസങ്ങളിലും തുടരാനാണ് സാദ്ധ്യത""

ശക്തികാന്ത ദാസ്,

ഗവർണർ, റിസർവ് ബാങ്ക്

റിപ്പോയുടെ സഞ്ചാരം

2020 മാർച്ച് : 4.4%

2020 മേയ് : 4%

2022 മേയ് : 4.4%

2022 ജൂൺ : 4.9%

2022 ആഗസ്‌റ്റ് : 5.4%

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RBI, MPC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360