പാമ്പുകളിലെ രാജനാണ് ആരാധകർ രാജേട്ടൻ, രാജൻസാർ എന്നൊക്കെ ഇഷ്‌ടത്തോടെ വിളിക്കുന്ന സാക്ഷാൽ രാജവെമ്പാല. ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് നാല് മീറ്റർ (13 അടി) വരെ നീളം വയ്‌ക്കാവുന്നതാണ്. പത്തിവിടർത്തി ഉയർന്നുനിൽക്കാനുള്ള ഇവയുടെ കഴിവും പ്രത്യേകതയാർന്നതാണ്. കാര്യം ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണെങ്കിലും പരമാവധി മനുഷ്യരുമായുള്ള സഹവാസം ഇഷ്‌ടമില്ലാത്ത പാമ്പുകൂടിയാണ് രാജവെമ്പാല. തണുപ്പുള്ള വനമേഖലകൾ ഇവ കഴിയുന്ന പ്രധാന ഇടങ്ങളാണ്. അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഈ പാമ്പുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടുന്നു.
'മൂവ്മെന്റ് ഇക്കോളജി' എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ 'നോ റൂം ടു റോം: കിംഗ് കോബ്രാസ് റെഡ്യൂസ് മൂവ്മെന്റ് ഇൻ അഗ്രികൾച്ചർ' എന്ന പേരിൽവന്ന ലേഖനത്തിൽ വടക്കുകിഴക്കൻ തായ്‌ലാൻഡിൽ രാജവെമ്പാലയെക്കുറിച്ച് നടത്തിയ പഠനത്തിൽ ഈ പാമ്പുകൾ അവയുടെ സഞ്ചാരരീതിയിൽ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് വ്യക്തമാകുന്നു. തായ്‌ലൻഡിലെ സഖാരത്ത് ബയോസ്‌ഫിയർ റിസർവിൽ ഏഴ് പാമ്പുകളിൽ നടത്തിയ നിരീക്ഷണത്തിൽ ചില ശ്രദ്ധേയമായ കണ്ടെത്തലുണ്ടായി.
ഈർപ്പമുള്ളതും ഇടതൂർന്നതുമായ വനാന്തരീക്ഷത്തിൽ കഴിയാൻ ഇഷ്‌ടപ്പെടുന്ന പാമ്പുകളാണിവ. എന്നാൽ ഗ്രാമങ്ങളിലും, വനങ്ങളോട് ചേർന്നുള്ള പുതിയ കൃഷിഭൂമികളിലും അടുത്തിടെ ജനവാസമേഖലകളായ ഇടങ്ങളിലും റോഡുകളിലും ഇവയുടെ സ്വാഭാവിക സഞ്ചാരപാത ഇല്ലാതാകുന്നതായാണ് വിവരം. 2014 മാർച്ച് 22 മുതൽ 2018 ജൂലായ് 28 വരെ നാല് വർഷത്തിലേറെ ഇവയെ നിരീക്ഷിച്ചാണ് ഇക്കാര്യം ഗവേഷകർ മനസിലാക്കിയത്.
തായ്‌ലൻഡിൽ നെൽക്കൃഷി, ചോളം, കരിമ്പ് എന്നിവ കൃഷിചെയ്‌തുതുടങ്ങിയ ഇടങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ഇത്തരം പ്രദേശങ്ങളിലൂടെ സഞ്ചാരം കുറഞ്ഞതായും എന്നാൽ സ്വാഭാവിക വനമേഖലയിൽ രാജവെമ്പാലകൾ കൂടുതൽ സഞ്ചരിക്കുന്നുണ്ടെന്നും മനസിലായത്. കൃഷിയിടങ്ങളും ഗ്രാമങ്ങളും വനമേഖലയെ വിഭജിച്ച് പോകുന്ന ഹൈവേകളും രാജവെമ്പാലകൾക്ക് തീരെ സഞ്ചരിക്കാനാകാത്ത തരത്തിലുള്ളതാണ്.
സ്വാഭാവികമായി കാടുവളർന്നുനിൽക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിക്കാൻ ഇഷ്‌ടപ്പെടുന്ന പാമ്പുകളാണ് രാജവെമ്പാലകൾ എന്ന് പഠനങ്ങളിൽ തെളിഞ്ഞു. ഇവിടെ അവയ്‌ക്ക് ഒളിച്ചിരിക്കാനും സ്വാഭാവികമായി ഇരതേടാനുമുള്ള സാഹചര്യമുണ്ട് എന്നതിനാലാണിത്. എന്നാൽ ഇവിടങ്ങളിൽ രാജവെമ്പാലയുടെ ഇരകളുടെ സാന്നിദ്ധ്യം ആവശ്യത്തിനുണ്ടോ എന്ന് പഠനത്തിൽ തെളിഞ്ഞില്ല.
റോഡുകളിലെ അതിവേഗമുള്ള ഗതാഗതനീക്കം രാജവെമ്പാലകൾക്കുയർത്തുന്ന ഭീഷണി ചെറുതല്ല. ഒരേസ്ഥലത്ത് ഇവ കഴിയുക 2.3 ദിവസമാണെന്ന് പഠനത്തിൽ കണ്ടു. മുൻപ് എപ്പോഴെങ്കിലും ഉപയോഗിച്ച ഒരു സ്ഥലത്ത് 13 ദിവസത്തിലൊരിക്കൽ ഇവ താമസത്തിന് എത്താറുമുണ്ട്. മനുഷ്യസഹവാസം കൂടിയയിടങ്ങളിൽ ചില പാമ്പുകൾ ആകെ 0.7 ശതമാനം മാത്രമേ കഴിഞ്ഞുള്ളൂ.
ചില കൃഷിയിടങ്ങളോട് ചേർന്നുള്ള ഉപയോഗിക്കാത്ത കാടുപിടിച്ചുകിടക്കുന്ന മേഖലകൾ, ജലസേചന കനാലുകൾ, ആൾപെരുമാറ്റം തീരെയില്ലാത്ത സ്ഥലങ്ങൾ എന്നിവയുടെ സമീപമാണ് രാജവെമ്പാലകൾ താമസിക്കുന്നത്. ഇത്തരം സ്ഥലങ്ങളുടെ സംരക്ഷണം രാജവെമ്പാലകളുടെ നിലനിൽപ്പിന് ആവശ്യമാണ് എന്ന് ഗവേഷകർ കരുതുന്നു.
കാടുപിടിച്ച സ്ഥലങ്ങളും ജലസേചന സൗകര്യവും ഇവയ്‌ക്കെന്നപോലെ ഇവയുടെ ഇരകൾക്കും ആവശ്യത്തിന് താമസയോഗ്യമായ സ്ഥലമായി മാറിയതിനാലാകാം രാജവെമ്പാലകൾ ഇത്തരം സ്ഥലങ്ങളെ ഇഷ്‌ടപ്പെടുന്നത്. പ്രകൃതിയിൽ ഇത്തരം സ്ഥലങ്ങളുടെ നിലനിൽപ്പിന്റെ പ്രാധാന്യം അവ വഴി വ്യക്തമാകുന്നു.
മനുഷ്യസാന്നിദ്ധ്യം വർദ്ധിക്കുന്നതും റോഡുകളും രാജവെമ്പാലകൾക്ക് വലിയ ഭീഷണിയാണ്. വാഹനങ്ങൾ തട്ടിയുള്ള അപകടം, വിഷവാഹിയായ പാമ്പിനെ കണ്ടാലുള്ള മനുഷ്യരുടെ ഭയവും ഇവയുടെ ജീവന് ഒരുപോലെ ദോഷമാകാം. ഭീഷണിയുണ്ടെങ്കിലും രാജവെമ്പാലകൾ നിരന്തരം ഈ രണ്ട് സാഹചര്യങ്ങളെ ഒഴിവാക്കുന്നുമില്ല. ലഭ്യമായ ഇടങ്ങളിൽ താമസിക്കാൻ പാമ്പുകൾ പരമാവധി ശ്രമിക്കാറുണ്ട്. എങ്കിലും സംരക്ഷിതമായ വനമേഖലതന്നെയാണ് ഇവയുടെ ജീവന് ഭീഷണിയില്ലാതെ കഴിയാൻ ഉചിതം.
എന്നാൽ ഈ പഠനം സഖാരത്ത് ബയോസ്‌ഫിയർ റിസർവിലെ ഏഴ് പാമ്പുകളെ മാത്രം ഉപയോഗിച്ച് നടത്തിയതായതിനാൽ ലോകമാകെയുള്ള ഈ വർഗത്തിൽ പെട്ട പാമ്പുകളുടെ സ്വഭാവരീതി ഇതാണെന്ന് കരുതാനാകില്ലെന്നാണ് ഗവേഷകർ സൂചിപ്പിക്കുന്നത്. അതിനായി കൂടുതൽ വിശാലമായ പഠനം നടത്തേണ്ടതുണ്ട് എന്നും അവർ പറയുന്നു.
A study in northeastern Thailand reveals how agricultural expansion and fragmented habitats restrict the movement of king cobras.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |