SignIn
Kerala Kaumudi Online
Saturday, 20 June 2026 6.26 PM IST

കോളേജ് ഹോസ്റ്റലിൽ കുട്ടികൾക്ക് പകരം എത്തിയത്  പുള്ളിപ്പുലി: തെരുവുനായയെ കടിച്ചുകൊണ്ട് പോയി

leopard-stray-dog-

മുംബയ് : ക്യാമ്പസിനുള്ളിൽ കടന്ന് പുള്ളിപ്പുലി തെരുവുനായയെ കടിച്ചു കൊന്നു. ഐ.ഐ.ടി ബോംബെയിലെ ഹോസ്റ്റൽ പരിസരത്ത് ജൂൺ 19ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ക്യാമ്പസിലെ ജീവനക്കാരും വിദ്യാർത്ഥികളും കടുത്ത ഭീതിയിലാണ്. നായയെ പുലി ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹോസ്റ്റലിലെ സ്റ്റെയ‌ർകേസിന് സമീപം നിന്ന തെരുവുനായയെയാണ് പുലി ഇരയാക്കിയത്. അപകടം മണത്തതുപോലെ നായ അസ്വസ്ഥതയോടെ വലതുവശത്തേക്ക് നോക്കി നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. നിമിഷങ്ങൾക്കകം ഇരുട്ടിൽ നിന്നും പതുക്കെ നടന്നു വന്ന പുലി നായയ്ക്ക് നേരെ കുതിക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ നായ പരമാവധി ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം പുലി അതിനെ കീഴടക്കി. നായയുടെ കഴുത്തിൽ കടിച്ചുപിടിച്ച പുലി ഇരുട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.


വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ഇതിനുമുമ്പും പുള്ളിപ്പുലിയെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ആളുകൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾക്കും ഹോസ്റ്റലുകൾക്കും തൊട്ടടുത്ത് ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് തങ്ങളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്ന് ജീവനക്കാരും വിദ്യാർത്ഥികളും വ്യക്തമാക്കി.

രാത്രികാലങ്ങളിൽ ക്യാമ്പസിലൂടെ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വളർത്തുമൃഗങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്നും കോളേജ് അധികൃതർ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വനംവകുപ്പ് വിഷയത്തിൽ ഇടപെട്ട് പുലിയെ പിടികൂടാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LEOPARD, ATTACK, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360