
ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിന് പിന്നാലെ പ്രതിസന്ധിയിലായ വ്യോമയാന മേഖലയ്‌ക്ക് ആശ്വാസമായി ഫണ്ട് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10,000 കോടി രൂപയുടെ ഫണ്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. വിമാന കമ്പനികൾക്ക് ഇന്ധനവില സ്ഥിരത നൽകുന്നതിനായി എണ്ണ വിപണന കമ്പനികൾക്ക് 10,000 കോടി രൂപയുടെ പിന്തുണ നൽകുന്ന പദ്ധതിയാണിത്.
പശ്ചിമേഷ്യൻ സംഘർഷം കാരണം വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവും പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയ വിലക്കുമാണ് വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കിയതെന്ന് എയർലൈൻസുകൾക്ക് ഈ സാമ്പത്തിക പിന്തുണ പ്രഖ്യാപനത്തിനിടെ കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു.
എണ്ണക്കമ്പനികൾക്ക് പലിശ രഹിത സഹായമായാണ് 10,000 കോടി നൽകുന്നത്. വിമാന കമ്പനികൾക്കുണ്ടാവുന്ന വലിയ നഷ്‌ടം കുറയ്‌ക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവഴി ടിക്കറ്റ് നിരക്കിലെ വൻ വർദ്ധനവ് ഒഴിവാക്കാനാകുമെന്നും കേന്ദ്രം പറഞ്ഞു. രാജ്യത്തെ ആഭ്യന്തര - അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. ഈ വർഷം മാർച്ചിൽ ലിറ്ററിന് 60.50 രൂപയായിരുന്ന ഇന്ധനത്തിന് മേയ് മാസത്തിൽ 142 രൂപയായി വർദ്ധിച്ചിരുന്നു. ഇതോടെ പല വിമാന കമ്പനികളും സർവീസുകൾ വെട്ടിക്കുറയ്‌ക്കുന്നതായി അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |