SignIn
Kerala Kaumudi Online
Saturday, 29 August 2026 4.04 PM IST

മൂന്നുവയസുകാരനെ പാലത്തിൽ തനിച്ചാക്കി മാതാപിതാക്കൾ പുഴയിൽ ചാടി; ദമ്പതികൾക്കായി തെരച്ചിൽ

READ ENGLISH VERSION
missing-couples
ദൊഡ്ഡ സായി, ഭാര്യ ശ്രീഷ

മുംബയ്: മൂന്ന് വയസുകാരനായ മകനെ പാലത്തിൽ ഉപേക്ഷിച്ചശേഷം ദമ്പതികൾ ഗോദാവരി നദിയിൽ ചാടി ആത്മഹത്യ ചെയ്‌തതായി സംശയം. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. വേൽപുര സ്വദേശികളായ ദൊഡ്ഡ സായി (29), ഭാര്യ ശ്രീഷ (28) എന്നിവരെയാണ് കാണാതായത്.

വ്യാഴാഴ്‌ച രാത്രി 10 മണിയോടെയാണ് ദമ്പതികൾ മകനുമായി സ്‌കൂട്ടറിൽ പാലത്തിലെത്തിയത്. തുടർന്ന് കുട്ടിയെ സ്‌കൂട്ടറിൽ ഇരുത്തിയശേഷം ഇരുവരും കരകവിഞ്ഞൊഴുകുന്ന ഗോദാവരി നദിയിലേക്ക് ചാടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലത്തിൽ ഏറെനേരമായി ഒറ്റയ്‌ക്കുനിന്ന് കുട്ടി കരയുന്നത് ശ്രദ്ധിച്ച വഴിയാത്രക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഉദ്യോഗസ്ഥർക്കൊപ്പം പോകുമ്പോഴും കുട്ടി അമ്മയെ വിളിച്ചുകരയുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ നദിയിൽ ചാടിയതാകാമെന്ന് സംശയിച്ചത്. ദമ്പതികളുടെ സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കണ്ടെത്തുന്നതിനായി ഗോദാവരി നദിയിൽ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. നീന്തൽ വിദഗ്ദ്ധരും ബോട്ട് സംഘങ്ങളും ഉൾപ്പടെയുള്ളവർ സംയുക്തമായി തെരച്ചിൽ ആരംഭിച്ചു.

ഡ്രൈവറായ സായി നേരത്തെ ഗൾഫിൽ ജോലി ചെയ്‌തിരുന്നതായും പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തിയതായും പൊലീസ് അറിയിച്ചു. ഇയാൾ കടബാദ്ധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചു. കടക്കെണിയെ തുടർന്ന് ദമ്പതികൾ വീട് വിൽക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയാണ് ദമ്പതികൾ ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

English Summary

A couple in Andhra Pradesh is suspected to have jumped into the Godavari River after leaving their three-year-old son on a bridge. Police are searching for them, while financial distress and debt are being investigated as possible factors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MISSING CASE, COUPLE MISSING, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360