
ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ചുള്ള കച്ചവടത്തെ ബാധിക്കുന്നതിനാൽ രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന 'ഇന്ത്യ' മുന്നണിയുടെ മെഗാ റാലി മാറ്റിവയ്ക്കണമെന്ന് വ്യാപാരി സംഘടന. റാലി നടന്നാൽ തലസ്ഥാനത്തെ 20 മാർക്കുകളിൽ 10,000-12,000 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്ന് ഡൽഹി ചേംബർ ഓഫ് ട്രേഡ് ആന്റ് ഇൻഡസ്ട്രി (സി.ടി.ഐ) മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ദീപാവലി ഷോപ്പിംഗ് പൊടിപൊടിക്കുന്ന നിർണായക സമയത്താണ് റാലി നടക്കുന്നത്. 10 ലക്ഷം ആളുകളുടെ 15,000- 20,000 വരെ വാഹനങ്ങൾ ഡൽഹിയിലേക്ക് എത്തും. ഇത്രയും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യം രാംലീലാ മൈതാനിയിൽ ഇല്ല. ഇത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടാക്കും. ലോക്ക്ഡൗണിന് സമാനമായ പ്രതിസന്ധിയിലേക്ക് സൃഷ്‌ടിച്ചേക്കാം. റാലിക്ക് മുൻപേ ഗതാഗത നിയന്ത്രണം ആരംഭിക്കും. അതിനാൽ ആളുകൾ ഷോപ്പിംഗ് നടത്താൻ കടയിലേക്ക് വരില്ല. ഒക്‌ടോബർ 31 മുതൽ മാർക്കുകകളിൽ വാഹന നിയന്ത്രണമുണ്ട്.
റാലിയെ എതിർക്കുന്നില്ലെന്നും ദീപാവലി സീസണിൽ ഞങ്ങളുടെ ഉപജീവനമാർഗം സംരക്ഷിക്കാൻ അപേക്ഷിക്കുകയാണെന്നും സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ അയച്ച കത്തിൽ പറഞ്ഞു. റാലി ദീപാവലിക്ക് ശേഷം നടത്തുകയോ, വേദി ബുറാഡി മൈതാനത്തേക്ക് മാറ്റുകയോ ചെയ്യണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |