
ഭോപ്പാൽ: നാളെ നടക്കുന്ന നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ഭോപ്പാലിലാണ് പരീക്ഷയോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നത്.
ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇൻഡോർ - ഭോപ്പാൽ സ്പെഷ്യൽ ട്രെയിൻ ഇന്നു രാവിലെ 11:25ന് ഇൻഡോറിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം ഏഴ് മണിക്ക് ഭോപ്പാലിൽ എത്തേണ്ടതായിരുന്നു. ഫത്തേഹാബാദ്, ബദ്‌നഗർ, രത്‌ലം, നാഗ്ദ, ഉജ്ജയിൻ, മാക്‌സി, ഷുജൽപൂർ, സെഹോർ, സന്ത് ഹിർദാരം നഗർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
ട്രെയിൻ അതേ ദിവസം വൈകുന്നേരം 7:40 ന് ഭോപ്പാലിൽ നിന്ന് പുറപ്പെട്ട് ഏകദേശം അഞ്ച് മണിക്കൂർ കഴിഞ്ഞ് രത്‌ലാമിൽ എത്തിച്ചേരും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം 5:15 വരെയാണ് നീറ്റ് പരീക്ഷ. എന്നാൽ അതിനുമുൻപുതന്നെ ട്രെയിൻ ഭോപ്പാൽ വിടും. ചില വിദ്യാർത്ഥികളെ പരീക്ഷയ്ക്കുമുൻപ് ഭോപ്പാലിലെത്താൻ ഈ പ്രത്യേക ട്രെയിനുകൾ സഹായിക്കുമങ്കിലും തിരികെ പോകുന്നതിന് സഹായകമാകില്ല. ഇതിൽ വിമർശനം വ്യാപകമാവുകയാണ്.
ഈ സ്‌പെഷ്യൽ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കും വളരെ കൂടുതലാണ്. ഇൻഡോർ-ഭോപ്പാൽ സ്പെഷ്യൽ ട്രെയിനിന് സ്ലീപ്പർ ക്ലാസ് നിരക്ക് 350 രൂപയാണ്. അതേ റൂട്ടിൽ സാധാരണ ട്രെയിനുകൾക്ക് വളരെ കുറഞ്ഞ നിരക്കാണുള്ളത്. ജോധ്പൂർ-ഭോപ്പാൽ എക്സ്പ്രസിൽ സ്ലീപ്പർ ക്ലാസിന് ഏകദേശം 150 രൂപയും മാൾവ എക്സ്പ്രസിൽ ഏകദേശം 180 രൂപയുമാണ് ഈടാക്കുന്നത്. അതിനാൽതന്നെ ഈ പ്രത്യേക ട്രെയിനിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിക്ക് സാധാരണ സ്ലീപ്പർ നിരക്കിന്റെ ഇരട്ടിയിലധികം നൽകേണ്ടി വന്നേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |