ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ടിവികെയ്ക്ക് 2025-26 സാമ്പത്തിക വർഷത്തിൽ ലഭിച്ച സംഭാവനയുടെ കണക്കുകൾ പുറത്ത്. നാല് പേരിൽ നിന്ന് ആകെ 13.3 കോടി രൂപയാണ് ടിവികെയ്ക്ക് ലഭിച്ചത്. മന്ത്രിമാരായ അധവ് അർജുന, ആർവി രഞ്ജിത്ത് കുമാർ എന്നിവരാണ് സംഭാവനയുടെ 99 ശതമാനവും വഹിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് ടിവികെ നൽകിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാന കായിക-പൊതുമരാമത്ത് വകുപ്പ് മന്ത്രി അർജുന 8.2 കോടി രൂപയും വനംവകുപ്പ് മന്ത്രി ആർ.വി രഞ്ജിത്ത് കുമാർ അഞ്ച് കോടി രൂപയുമാണ് സംഭാവനയായി നൽകിയത്. ആ സാമ്പത്തിക വർഷത്തിൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് മന്ത്രി അർജുനയാണ്. ആകെ സംഭാവനകളുടെ 60 ശതമാനത്തിലധികവും അദ്ദേഹത്തിന്റേതാണ്. മന്ത്രിമാരെ കൂടാതെ രണ്ട് സംഭാവനകലാണ് പാർട്ടിക്ക് ലഭിച്ചത്. അഞ്ച് ലക്ഷം വീതമുള്ള രണ്ട് സംഭാവനകളായിരുന്നു അത്.
തൂത്തുക്കുടിയിലെ ലയൺസ് ടൗണിൽ സ്ഥിതി ചെയ്യുന്ന 'സ്‌നോ ഷോ' ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് സംഭാവന നൽകിയത്. അതേ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'സ്‌നോ എക്സ്‌പോർട്സ് ആൻഡ് ഇംപോർട്സ്' എന്ന സ്ഥാപനവും ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അഞ്ച് ലക്ഷം രൂപ സംഭാവനയായി നൽകി.
അതേസമയം, 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 161.35 കോടി രൂപയുടെ സംഭാവനകൾ ലഭിച്ചതായി എഐഎഡിഎംകെ അറിയിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. 135 കോടി രൂപ സംഭാവന നൽകിയ ടൈഗർ അസോസിയേറ്റ്സ് ആണ് ഏറ്റവും വലിയ തുക നൽകിയത്.
ഡിഎംകെ ഏകദേശം 191.19 കോടി രൂപയുടെ സംഭാവനകൾ ലഭിച്ചതായി വെളിപ്പെടുത്തി. ഇതിൽ 125 കോടി രൂപ നൽകിയ 'ടൈഗർ അസോസിയേറ്റ്സ്' ആണ് ഏറ്റവും വലിയ സംഭാവന നൽകിയ സ്ഥാപനം. കൊൽക്കത്ത ആസ്ഥാനമായുള്ള ലോട്ടറി സ്ഥാപനമായ ടൈഗർ അസോസിയേറ്റ്സിന് ലോട്ടറി വ്യവസായ പ്രമുഖനായ സാന്റിയാഗോ മാർട്ടിനുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുന്നതിന് മുൻപ്, ബോണ്ടുകൾ ഏറ്റവും കൂടുതൽ വാങ്ങിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ 'ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ്' ആയിരുന്നു. ഇലക്ടറൽ ബോണ്ടുകൾ വഴി ഫ്യൂച്ചർ ഗെയിമിംഗ് ഡിഎംകെയ്ക്ക് 509 കോടി രൂപ സംഭാവന നൽകിയിരുന്നു എന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |