ഹൈദരബാദ്: പതിനേഴുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് ഗുരുതര പരിക്ക്. ഹൈദരാബാദിലെ ബോറബന്ദയിലാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന രാജ്കുമാർ (60), പ്രഭാകർ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങളിൽ ഇടിച്ചശേഷം, അതുവഴി വന്ന ബൈക്കിലേക്ക് മാരുതി ബലേനോ കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാഞ്ഞെത്തിയ കാർ നിയന്ത്രണം നഷ്‌ടപ്പെട്ട് നിരനിരയായി നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചുകയറുന്നതും, തുടർന്ന് സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഇതിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, പിന്നിലിരുന്നയാൾ കാറിനടിയിൽ പെടുകയായിരുന്നു. കാർ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി അടിയിൽ കുടുങ്ങിപ്പോയി. അപകടം നടന്നയുടൻ ഓടികൂടിയ നാട്ടുകാരാണ് കാർ ഉയർത്തി ഇയാളെ പുറത്തെടുത്തത്.
അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച 17കാരനെ നാട്ടുകാർ പിടികൂടി കൈയേറ്റം ചെയ്തു. തുടർന്ന് പൊലീസെത്തി കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാർ വൃത്തിയാക്കുന്നതിനിടയിൽ വാഹനത്തിനുള്ളിൽ നിന്ന് താക്കോൽ എടുത്താണ് കുട്ടി വണ്ടി എടുത്തുകൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മധുരനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A 17-year-old boy driving a car lost control in Borabanda, Hyderabad, seriously injuring two brothers, Rajkumar (60) and Prabhakar (55), on a motorbike. The car first struck parked vehicles before hitting their bike. Locals rescued one brother trapped under the car and apprehended the minor, who was later taken into custody by police. A case has been registered.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |