SignIn
Kerala Kaumudi Online
Saturday, 19 September 2026 1.58 PM IST

വീരപ്പൻ വേട്ടയ്‌ക്കിടെ കൂട്ടമാനഭംഗം:ആദിവാസി സ്ത്രീകൾക്ക് 31 വർഷത്തിനു ശേഷം നീതി, 215 ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷ

READ ENGLISH VERSION
vp

ചെന്നൈ: കാട്ടുകള്ളൻ വീരപ്പനെ പിടിക്കാനുള്ള ദൗത്യത്തിന്റെ മറവിൽ ഉദ്യോഗസ്ഥർ കൂട്ടബലാത്സംഗം ചെയ്ത 18 ആദിവാസി സ്ത്രീകൾക്ക് 31 വർഷങ്ങൾക്കു ശേഷം നീതി. പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരുടെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവച്ചു. നാല് ഐ.എഫ്.എസുകാരുൾപ്പെടെ വനംവകുപ്പിലെ 126ഉം പൊലീസിലെ 84ഉം റവന്യുവകുപ്പിലെ അഞ്ചും ഉദ്യോഗസ്ഥരാണ് പ്രതികൾ. ഇവരുടെ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി.വേൽമുരുകന്റെ ഉത്തരവ്.

1992 ജൂൺ 20ന് ധർമ്മപുരി ജില്ലയിലെ വാചാതി കുന്നിൽ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.

എല്ലാ പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കാൻ സെഷൻസ് കോടതിക്ക് നിർദ്ദേശം നൽകി. ഇരകൾക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ നൽകണം. മരിച്ച മൂന്ന് സ്ത്രീകളുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം നൽകണം.

നഷ്ടപരിഹാരത്തിന്റെ പകുതി പ്രതികളിൽ നിന്ന് ഈടാക്കണം. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലിക്കും വാചാതിയിലെ ഗോത്രവർഗക്കാരുടെ ഉന്നമനത്തിനും നടപടി വേണം.

വീടുകളിൽ ചന്ദനത്തടി സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം കിട്ടിയെന്നു പറഞ്ഞാണ് അന്വേഷണസംഘം വാചാതി ഗ്രാമം വളഞ്ഞത്. ഉദ്യോഗസഥർ വീടുകൾ തകർത്തെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നുമാണ് കേസ്. ദിവസങ്ങൾക്കു ശേഷം സ്ത്രീകൾ പരാതിപ്പെട്ടു. 1995ൽ സി.പി.എം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി സി.ബി.ഐക്കു കൈമാറി. 2011ൽ ധർമ്മപുരി ജില്ലാ പ്രൈമറി സെഷൻസ് കോടതി എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഐ.എഫ്.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 വനപാലകരിൽ 12 പേർക്ക് 10 വർഷം കഠിനതടവും 5 മുതൽ 7 വർഷം വരെ തടവും മറ്റുള്ളവർക്ക് 1 വർഷം മുതൽ 3 വർഷം വരെ തടവും വിധിച്ചു. ഇതിനെതിരെയാണ് പ്രതികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വേൽമുരുകൻ വാചതിയിലെത്തിയിരുന്നു.

269 പ്രതികളിൽ 54 പേർ ധർമ്മപുരി കോടതി വിധിക്ക് മുമ്പ് മരിച്ചിരുന്നു. ബാക്കി 215 പേരുടെ ശിക്ഷയാണ് ശരിവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360