SignIn
Kerala Kaumudi Online
Saturday, 20 June 2026 10.25 AM IST

യുവതീ പ്രവേശനത്തിൽ സർക്കാർ; മതാചാരങ്ങൾ സംരക്ഷിക്കണം, മതപണ്ഡിതരുടെ അഭിപ്രായം തേടണം

READ ENGLISH VERSION
supremecourt-

ന്യൂഡൽഹി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ പുനഃപരിശോധനയ്ക്ക് മുമ്പ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. ആചാരങ്ങളിൽ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കും മുൻപ് കൃത്യമായ പഠനവും ചർച്ചയും വേണം.

തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ്, മുൻ നിലപാട് മാറ്റി ആചാര ലംഘനം പാടില്ലെന്ന ധ്വനിയോടെയുള്ള സത്യവാങ്മൂലം. അതേസമയം, യുവതീ പ്രവേശനം വേണ്ടെന്ന് നേരിട്ട് വ്യക്തമാക്കിയതുമില്ല.​ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്ന ഏഴ് ചോദ്യങ്ങൾക്കുള്ള വാദമുഖങ്ങളാണ് സത്യവാങ്‌മൂലത്തിലുള്ളത്.

ശബരിമലയുമായി ബന്ധപ്പെട്ട മുൻകാല അനുഭവങ്ങളും സ്ത്രീകൾ ഉൾപ്പെടെ ഭക്തരുടെ പ്രതികരണവും ഈ വാദത്തെ പിന്തുണയ്‌ക്കുന്നെന്നും സർക്കാർ വിശദീകരിച്ചു.

യുവതീപ്രവേശന കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ 9 അംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഈ വാദങ്ങൾ ഉന്നയിച്ചത്. 2007ലും സർക്കാർ ഇതേ അഭിപ്രായം ബോധിപ്പിച്ചിരുന്നു.

ജനങ്ങൾ അംഗീകരിച്ച വിശ്വാസവും മൂല്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. കോടതി നിഷ്‌പക്ഷ ഇടപെടൽ നടത്തണം. മതപണ്ഡിതരുടെ അഭിപ്രായങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമാകണം തീരുമാനം.

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതാചാരവുമായി ബന്ധപ്പെട്ട ജുഡിഷ്യൽ അവലോകനത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്.

മതപരമായ ആചാരം അവിഭാജ്യ ഘടകമാണോ അല്ലയോ എന്നത് സമൂഹത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകണം. എങ്കിലും നിയമത്തെ ലംഘിക്കുന്നതും പൊതുനയത്തിനും മാന്യതയ്‌ക്കും വിരുദ്ധമായതുമായ ആചാരത്തെ അംഗീകരിക്കാനാകില്ല. മതാചാരത്തിന്റെ പേരിൽ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായാൽ വിശ്വാസ സമൂഹത്തിന് പുറത്തുള്ളവർക്കും ചോദ്യം ചെയ്യാൻ അവകാശമുണ്ട്.

അഡ്വ. നിഷാ ഷങ്കർ മുഖേനെയാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്. കേസിന്റെ ചരിത്രവും 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായത്തിന്റെ വിശദാംശങ്ങളുമാണ് 17 പേജുള്ള സത്യവാങ്‌മൂലത്തിലുള്ളത്.

ഏപ്രിൽ 7ന് കേസിൽ വാദം തുടങ്ങും. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയും തങ്ങളുടെ നിലപാടുകൾ വിശദീകരിച്ച് സത്യവാങ്‌മൂലം സമർപ്പിച്ചു.

9 അംഗ ഭരണഘടനാ

ബെഞ്ച് രൂപീകരിച്ചു

'വ്യവസായം" എന്ന പദത്തിന്റെ ശരിയായ വ്യാഖ്യാനം പരിശോധിക്കുന്നതിനായി സുപ്രീംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. 17, 18 തീയതികളിൽ ഈ കേസിലെ വാദം പൂർത്തിയാക്കും. ഏപ്രിൽ 7ന് ശബരിമല അടക്കമുള്ള കേസുകളും ഇതേ ബെഞ്ചാകും പരിഗണിക്കുക. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് അദ്ധ്യക്ഷൻ. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, പി.എസ്.നരസിംഹ, ദീപങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ, സതീഷ്‌ചന്ദ്ര ശർമ്മ, ജോയ്‌മല്യ ബാഗ്ചി, അലോക് ആരാധെ, വിപുൽ എം. പഞ്ചോളി എന്നിവരാണ് മറ്റ് അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360