SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

പാർലമെന്റിൽ പ്രധാനമന്ത്രി: പശ്ചിമേഷ്യൻ യുദ്ധം ദീർഘകാല ആഘാതം,​ കൊവിഡ് കാലത്തെപ്പോലെ രാജ്യം ഒന്നിച്ചു നിൽക്കണം

pp

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം ഏല്പിക്കുന്ന ആഘാതം ദീർഘകാലമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലംപോലെ പ്രതിസന്ധി രാജ്യം ഒന്നിച്ച് തരണം ചെയ്യണം. പശ്ചിമേഷ്യൻ സംഘർഷത്തിൽ ലോക്‌സഭയിൽ പ്രസ്‌താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ സർക്കാരുകളും ജനവും ഒന്നിച്ച് നിന്നാൽ എല്ലാ വെല്ലുവിളികളും നേരിടാനാകും. ഇതാണ് നമ്മുടെ സ്വത്വവും ശക്തിയും. വ്യാജ വാർത്തകൾ, കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ് എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം. വീട്ടാവശ്യത്തിനുള്ള എൽ.പി.ജി വിതരണത്തിന് മുൻഗണനയുണ്ട്.

ആഭ്യന്തര ഉത്പാദനം വർദ്ധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും സുഗമമായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ ഹോർമുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്ക് വൻതോതിൽ അസംസ്കൃത എണ്ണ, വാതകം, വളങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തേണ്ടത്.

ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ സുരക്ഷയ്‌ക്ക് ആഗോള ഇടപെടൽ നടത്തുന്നുണ്ട്.

കരുതലിൽ 53 ലക്ഷം മെട്രിക് ടൺ പെട്രോളിയം

 11 വർഷത്തിനിടെ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധന ഇറക്കുമതി ഉറപ്പാക്കിയത് വെല്ലുവിളി നേരിടാൻ സഹായിച്ചു.

 ഇന്ത്യയ്ക്ക് 53 ലക്ഷം മെട്രിക് ടണ്ണിലധികം പെട്രോളിയം കരുതൽ ശേഖരമുണ്ട്. 65 ലക്ഷം മെട്രിക് ടണ്ണിലധികം പുതിയ കരുതൽ ശേഖരം ഒരുക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.

 പെട്രോളിൽ എത്തനോൾ ചേർക്കൽ, റെയിൽ‌വേ വൈദ്യുതീകരണം, മെട്രോ, ഇലക്‌‌ട്രിക് വാഹനങ്ങളുടെ വ്യാപനം എന്നിവ ഉൗർജ്ജ പ്രതിസന്ധി കുറച്ചു.

 കർഷകർ ഭക്ഷ്യധാന്യ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. ഇറക്കുമതി-കയറ്റുമതി ശൃംഖലയിലുണ്ടാക്കുന്ന ആഘാതം നേരിടാൻ മന്ത്രിസഭാ സമിതിയുടെ മേൽനോട്ടത്തിൽ ഹ്രസ്വ- ഇടത്തരം- ദീർഘകാല തന്ത്രങ്ങൾ ആവിഷ്‌കരിക്കും.

 എൽ.പി.ജിയുമായി രണ്ടു കപ്പൽകൂടി
എൽ.പി.ജിയുമായി ഇന്ത്യൻ പതാകയുള്ള ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നതായി സൂചന. കപ്പലുകളിലെ എൽ.പി.ജി ഇന്ത്യയുടെ 2-3 ദിവസത്തെ ഉപയോഗത്തിനേ തികയൂ. ഇന്നലെ പുലർച്ചെ യു.എ.ഇ തീരത്ത് നിന്ന് വടക്ക് ഇറാന്റെ ഖേഷം, ലാറക് ദ്വീപുകൾക്ക് സമീപത്തേക്ക് നീങ്ങി. ഹോർമുസ് കടലിടുക്ക് കടക്കാൻ 14 മണിക്കൂർ വരെ എടുക്കുമെന്നതിനാൽ രണ്ട് കപ്പലുകളും ഇന്നലെ വൈകിട്ടോടെ ഒമാൻ ഉൾക്കടലിൽ പ്രവേശിച്ചിരിക്കും. കപ്പലുകൾ തങ്ങളുടെ തീരത്തോട് ചേർന്ന് നീങ്ങാൻ ഇറാൻ അനുവദിക്കും. 92,612.59 മെട്രിക് ടൺ എൽ.പി.ജി വഹിക്കുന്ന ഈ കപ്പലുകൾ 26നും 28 നുമിടയിൽ ഇന്ത്യയിലെത്തിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360