
ലക്നൗ: തൃണമൂൽ കോൺഗ്രസ് എംപി സയോണി ഘോഷിന്റെ തലയെടുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ വിവാദമാകുന്നു. ഉത്തർപ്രദേശിലെ ബിജെപി മുനിസിപ്പൽ ചെയർമാനായ പ്രദീപ് ദീക്ഷിതാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ താൻ അത്തരം പ്രസ്ഥാവന നടത്തിയിട്ടില്ലെന്നും വ്യാജ വീഡിയോ ആണെന്നും ആരോപിച്ച് പ്രദീപ് ദീക്ഷിത് രംഗത്തെത്തി.
സിക്കന്ദ്രബാദിൽ ഞായറാഴ്ച നടന്ന ഹിന്ദു സംഘടനകളുടെ ഒരു പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ബിജെപി നേതാവിന്റെ പ്രസ്ഥാവന. ശിവനെയും ശിവലിംഗത്തെയും സയോണി ഘോഷ് അപമാനിക്കുകയാണെന്നും ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദു സംഘടനകൾ ആരോപിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുക്കവെ പ്രദീപ് ദീക്ഷിത് സയോണിയുടെ തലയെടുക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ താൻ അത്തരമൊരു പ്രസ്ഥാവന നടത്തിയിട്ടില്ലെന്നും ഞായറാഴ്ച നടന്ന ഒരു ഘോഷയാത്രയുടെ ദൃശ്യങ്ങൾ മാത്രമാണ് അതെന്നും പ്രദീപ് ദീക്ഷിത് പ്രതികരിച്ചു. എതിരാളികൾ വീഡിയോയിൽ കൃത്രിമം കാണിച്ച് ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |