SignIn
Kerala Kaumudi Online
Thursday, 28 May 2026 1.51 AM IST

എസ്.ഐ.ആർ ഭരണഘടനാപരം,​പൗരത്വ രേഖയല്ല: സുപ്രീംകോടതി

s

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടിക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു.

നീതിയുക്തമായ തിരഞ്ഞെടുപ്പെന്നത് വോട്ടെടുപ്പിനെ മാത്രമല്ല,വോട്ടർപട്ടികയുടെ വിശ്വാസ്യത,കൃത്യത,സമഗ്രത എന്നിവയെയും ആശ്രയിച്ചിരിക്കുന്നു. അത് ജനാധിപത്യ പ്രക്രിയയുടെ അടിത്തറയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

തിരിച്ചറിയൽ രേഖകളിൽ സംശയമുയർന്നാൽ വോട്ടർപട്ടികയിൽ പേരു ചേർക്കാതിരിക്കാനും നിലവിലെ പട്ടികയിൽ നിന്ന് ഒഴിവാക്കാനും കമ്മിഷന് അധികാരമുണ്ട്.

എന്നാൽ, ഈ നടപടിയെ ഇന്ത്യൻ പൗരനല്ലെന്ന പ്രഖ്യാപനമായി കണക്കാക്കാൻ കഴിയില്ല. കേന്ദ്രസർക്കാരിനാണ് പൗരത്വം നിർണയിക്കാൻ അധികാരം. കൃത്യമായ വോട്ടർപട്ടിക ഉറപ്പാക്കാൻ വേണ്ടി മാത്രം ഇന്ത്യൻ പൗരനാണോയെന്ന് കമ്മിഷന് പരിശോധിക്കാം. പൗരത്വം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒഴിവാക്കിയവരുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കമ്മിഷന് ചുമതലയുണ്ടെന്നും ഓർമ്മപ്പെടുത്തി. നേരത്തെ പേരുണ്ടായിരുന്നു എന്നകാരണത്താൽ പുനഃപരിശോധന പാടില്ലെന്നവാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കോടതിയുടെ ഈ നിലപാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് തിരിച്ചടിയായേക്കും.

ബീഹാർ,കേരളം,പശ്ചിമബംഗാൾ,തമിഴ്നാട്,ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ ചോദ്യംചെയ്‌ത പൊതുതാത്പര്യഹർജികളിലാണ് സുപ്രധാന വിധി.

കോൺഗ്രസ്,മുസ്ലിം ലീഗ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന,ആർ.ജെ.ഡി,തൃണമൂൽ കോൺഗ്രസ്,സമാജ്‌വാദി പാർട്ടി തുടങ്ങിയവരാണ് ഹർജിക്കാർ.

നാലു ദശകത്തിനു ശേഷമാണ് പലയിടത്തും പ്രക്രിയ നടത്തുന്നതെന്ന കമ്മിഷന്റെ വാദം കോടതി അംഗീകരിച്ചു. ഇക്കാലയളവിനിടെ ധാരാളം വോട്ടർമാർ മരിച്ചു,പലരും താമസം മാറി,അതിദ്രുതമായ നഗരവത്കരണം,പുതിയ വോട്ടർമാർ,കുടിയേറ്റം,ഇരട്ടവോട്ട് തുടങ്ങിയവയാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.

എസ്.ഐ.ആർ പ്രക്രിയ

ഭരണഘടനാ ലക്ഷ്യം

#എസ്.ഐ.ആർ പ്രക്രിയ നടത്താൻ ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പ് 21(3), ഭരണഘടനയിലെ അനുച്ഛേദം 324 എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേവലം ഭരണപരമായ പ്രക്രിയ മാത്രമല്ലിത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പെന്ന ഭരണഘടനാ ലക്ഷ്യമാണ് എസ്.ഐ.ആർ മുന്നോട്ടു വയ്‌ക്കുന്നത്.

ഒഴിവാക്കിയവരുടെ പൗരത്വം

കേന്ദ്രം തീരുമാനിക്കണം

2003ലായിരുന്നു ബീഹാറിലെ അവസാന വോട്ടർപട്ടിക പുതുക്കൽ. അന്ന് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവരുടെ വിശദാംശങ്ങൾ നാലാഴ്ചയ‌്‌ക്കകം കമ്മിഷൻ കേന്ദ്രസർക്കാരിന് കൈമാറാൻ കാേടതി നിർദേശിച്ചു. ഒഴിവാക്കപ്പെട്ടവർക്ക് നോട്ടീസ് നൽകിയ ശേഷം അവരെ കേൾക്കണം. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വത്തിൽ കേന്ദ്രം തീരുമാനമെടുക്കണം. ഒഴിവാക്കിയിരുന്ന വ്യക്തികൾ പൗരന്മാരാണെന്ന് കണ്ടെത്തിയാൽ അവരുടെ പേരുകൾ വോട്ടർപട്ടികയിൽ പുനഃസ്ഥാപിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360