
ന്യൂഡൽഹി: സി.ബി.എസ്.ഇയുടെ ത്രിഭാഷാ പദ്ധതി സ്റ്രേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായില്ല. എന്നാൽ, ഇന്ത്യൻ ഭാഷകൾ പഠിപ്പിച്ചില്ലെന്ന് പറഞ്ഞ് അദ്ധ്യാപകർക്കെതിരെ അച്ചടക്ക നടപടിയുണ്ടായാൽ ഉടൻ ഇടപെടുമെന്നും, പിരിച്ചു വിട്ടാൽ തിരിച്ചെടുക്കാൻ ഉത്തരവിടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അദ്ധ്യാപകർക്ക് നേരിട്ട് പരമോന്നത കോടതിയെ സമീപിക്കാം. 6 മുതൽ 9ാം ക്ലാസു വരെയുള്ള കുട്ടികൾ മൂന്നു ഭാഷകൾ പഠിക്കണമെന്നും, അതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷയായിരിക്കണമെന്നുമാണ് സി.ബി.എസ്.ഇ സർക്കുലർ. ഇതിനെതിരെ അദ്ധ്യാപകരും, രക്ഷിതാക്കളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഇംഗ്ലീഷും ഫ്രഞ്ചും പഠിക്കുന്ന 9ാം ക്ലാസ് വിദ്യാർത്ഥി ഇന്ത്യൻ ഭാഷ കൂടി പഠിക്കണമെന്നാണ്
പറയുന്നതെന്നും,. ഇംഗ്ലീഷിനെ തദ്ദേശീയ ഭാഷയായി കണക്കാക്കിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു.
ഭാഷ പഠിക്കുന്നത് പാഴ്‌വേലയാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹിന്ദിയും മറ്റ് ഇന്ത്യൻ ഭാഷകളും പഠിക്കുന്നത് ഭരണഘടനാ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി. ഇംഗ്ലീഷിനെ തദ്ദേശീയ ഭാഷയായി കണക്കാക്കാൻ കഴിയുമോയെന്നും ചോദിച്ചു.. കേസ് ജൂലായ് 22ന് വീണ്ടും പരിഗണിക്കും.ഈവർഷം 10ാം ക്ലാസിൽ പഠിക്കുന്നവർക്ക് ത്രിഭാഷാ പദ്ധതി ബാധകമല്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
9ാം ക്ലാസുകാർക്ക്
മൂന്ന് ഭാഷ
ഈ അദ്ധ്യയന വർഷം 9ാം ക്ലാസിലെത്തിയ വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. അതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണം. അടുത്ത വർഷം പത്താം ക്ലാസിലെത്തുമ്പോൾ ബോർഡ് പരീക്ഷയിൽ തേഡ് ലാംഗ്വേജിന് പ്രത്യേകം പരീക്ഷയുണ്ടാകില്ല. പക്ഷെ സ്‌കൂളിൽ നടത്തുന്ന ഇന്റേണൽ അസസ്‌മെന്റിൽ ജയിച്ചിരിക്കണം. പാസ് സർട്ടിഫിക്കറ്ര് ലഭിക്കാൻ അതു അനിവാര്യമാണ്. ഇന്റേണൽ അസസ്‌മെന്റ് പാസായില്ലെങ്കിൽ, ഫലം വരുന്നതിന് മുൻപ് സ്‌കൂളിൽ വീണ്ടും ഇന്റേണൽ അസസ്‌മെന്റ് നടത്തണം.
9ാം ക്ലാസിൽ തേഡ് ലാംഗ്വേജിൽ ജയിച്ചില്ലെങ്കിലും പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകും. പക്ഷെ പത്തിൽ പഠിക്കുമ്പോൾ തന്നെ അതിൽ വിജയിക്കണം.
ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയവയാണ് ഫസ്റ്റ്, സെക്കൻഡ് ലാംഗേജ്വുകളായി തിരഞ്ഞെടുത്തിട്ടുള്ളതെങ്കിൽ ഈ വർഷം ഇളവുണ്ട്. ഇവയ്‌ക്കൊപ്പം തേഡ് ലാംഗ്വേജായി ഭാരതീയ ഭാഷയും പഠിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |