
ബംഗളൂരു: റാങ്ക് ലിസ്റ്റിൽ പെൺമക്കളെ തിരുകിക്കയറ്റിയതിന് സസ്പെൻഷനിലായ കർണാടക പബ്ലിക് സർവീസ് (കെ.പി.എസ്.സി) കമ്മിഷൻ ചെയർമാനെതിരെയുള്ള കേസ് മുറുകും. ശിവശങ്കരപ്പ എസ്. സഹുകറിനെതിരെ അന്വേഷണം ശക്തമാക്കി. ഇയാൾ അധികാരത്തിലിരിക്കെ മറ്റെന്തെങ്കിലും വഴിവിട്ട നീക്കം നടത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതത്തിനും സാഹുകർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടാൻ ഗവർണർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരുന്നു.
രണ്ട് മക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തി എന്ന ആരോപണത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം ഗവർണർ നടപടിയെടുത്തത്.
മക്കളായ സുമയെ സംവരണ വിഭാഗത്തിലും അനുരാധയെ ജനറൽ വിഭാഗത്തിലും ഉൾപ്പെടുത്തിയതിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിന് പിന്നാലെയാണ് അച്ചടക്ക നടപടിയെടുത്തത്.
സംവരണാനുകൂല്യം ലഭിക്കുന്നതിനായി സുമ കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന് കാണിച്ച് വ്യാജ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി പി.എസ്.സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിയമന പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി ഗവർണർക്കും മുഖ്യമന്ത്രിമാർക്കും കത്തയച്ചു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ഈ മാസം നാലാം തീയതി ചേർന്ന യോഗത്തിൽ കർണാടക പി എസ് സി അംഗങ്ങൾ ചെയർമാനെ കമ്മിഷൻ യോഗങ്ങളിൽ നിന്ന് മാറ്റിനിറുത്താൻ തീരുമാനിച്ചിരുന്നു. രാജി ആവശ്യപ്പെട്ട് കമ്മിഷൻ പാസാക്കിയ പ്രമേയത്തിന്മേൽ ഹൈക്കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. സുമയ്ക്ക് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കെ.പി.എസ്.സി.യുടെ ഇടക്കാല ചെയർമാനായി കമ്മീഷനിലെ മുതിർന്ന അംഗമായ ഡോ. ബി. പ്രഭുദേവിനെ നിയമിച്ചു. 2021 മുതൽ കെ.പി.എസ്.സി. അംഗമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കമ്മീഷനിൽ നടപ്പിലാക്കിയ പല സുപ്രധാന പരിഷ്‌കാരങ്ങളിലും മാറ്റങ്ങളിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |