SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.19 AM IST

വിജയ്‌ക്ക് 11 കോടിയുടെ ഓഫീസ് ടി.വി.കെ നേതാക്കളുടെ നിയമനങ്ങളെല്ലാം രഹസ്യം

ss

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌ക്ക് പുതിയ ഓഫീസ് സജ്ജമാക്കുന്നത് 11 കോടി ചെലവിൽ. അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് മാറ്റി സ്ഥാപിക്കുന്നത്. സെക്രട്ടേറിയറ്റ് വളപ്പിലെ നാമക്കൽ കവിജ്ഞർ മാളികയിലെ 10-ാം നിലയിലാണ് പുതിയ ഓഫീസ്. മുഖ്യമന്ത്രിയുടെ മുറി, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫീസുകൾ, കോൺഫറൻസ് ഹാൾ എന്നിവയും ഒരുക്കും. പൊതുമരാമത്ത് വകുപ്പ് മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ഇവയ്‌ക്കൊപ്പം മറ്റു മന്ത്രിമാരുടെ ഓഫീസുകളും നവീകരിക്കും.

കടബാദ്ധ്യതയിൽ മുന്നോട്ടു പോകുന്ന സംസ്ഥാനത്തെ കുറിച്ച് മുഖ്യമന്ത്രിയായി ആദ്യ നാളിൽ തന്നെ പരിതപിച്ച വിജയ് ധൂർത്ത് നടത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

ഇതിനിടെ ടി.വി.കെ നേതാക്കൾക്ക് സർക്കാർ പദവികൾ രഹസ്യമായി നൽകുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നേരത്തെ സർക്കാർ തീരുമാനങ്ങളെല്ലാം പരസ്യപ്പെടുത്തുമെന്നായിരുന്നു വിജയ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിജയ് തന്റെ പേഴ്സണൽ ജ്യോതിഷിയായിരുന്ന റിക്കി രത്തൻ പണ്ഡിറ്റ് വെട്രിവേലിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്‌പെഷ്യൽ ഓഫീസർ സ്ഥാനം നൽകി. നിയമപ്രകാരം ഇതിനുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉണ്ടായതോടെ തീരുമാനം പിൻവലിച്ചു. അതിനു ശേഷമാണത്ര പാർട്ടിക്കാരുടെ നിയമനങ്ങൾ രഹസ്യസ്വഭാവം വന്നത്.

പിന്നീട് ടി.വി.കെയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകിയവരിൽ പ്രധാനികളായ ജോൺ ആരോഗ്യസ്വാമിയെയും വിഷ്ണു റെഡ്ഡിയെയും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചു. ഇരുവരും മന്ത്രിസഭാ യോഗത്തിലും ഉന്നത ഉദ്യോഗസ്ഥരുടെ കൂടിയാലോചനാ യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്.

വിജയ്‌യുടെ സോഷ്യൽ മീഡിയ അഡ്മിൻ ജഗദീഷിനും അസിസ്റ്റന്റ് രാംകുമാറിനും മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമാരുടെ ജോലി നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

മുഖ്യമന്ത്രിക്കായി തയ്യാറാക്കുന്ന പുതിയ ഓഫീസിൽ ഈ നാലുപേർക്കും പ്രത്യേക മുറികൾ അനുവദിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വിജയ്‌‌ക്ക് സുരക്ഷ ഒരുക്കിയിരുന്ന ബൗൺസർ നയീം മൂസ ഇപ്പോഴും മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം അനുഗമിക്കുന്നുണ്ട്. ഏത് തസ്തികയിലാണ് അദ്ദേഹത്തിന്റെ നിയമനമെന്ന് പൊലീസിനും അറിയില്ല.

മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് വിജയ്‌യുടെ സോഷ്യൽ മീഡിയ ഫാൻ ക്ലബ്ബിന്റെ തലവനായിരുന്ന ഗുരുവിനെ തമിഴ്നാട് സർക്കാരിന്റെ വസ്തുതാന്വേഷണ ഓഫീസിന്റെ തലവനായി നിയമിച്ചതായും ടി.വി.കെയുടെ ഇൻഫർമേഷൻ ടെക്‌നോളജി ടീമിലെ അംഗമായ ദിവ്യയെ വാർത്താ, പബ്ലിക് റിലേഷൻസ് വകുപ്പിലെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചതായും പറയപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360