
ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന വിദ്യാർത്ഥി സമരത്തിലെ കേസുകൾ പിൻവലിക്കാൻ സുപ്രീംകോടതിയുടെ അനുമതി. രജിസ്റ്റർ ചെയ്‌ത കേസുകളിൽ സംസ്ഥാനങ്ങൾക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നായിരുന്നു ജൂലായ് 28ന് കോടതിയുടെ നിലപാട്. ഇതിലാണ് വ്യക്തത വരുത്തിയത്. വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികൾക്കെതിരെ അറസ്റ്ര് അടക്കം കടുത്ത നടപടികൾ പാടില്ലെന്നും അന്നത്തെ ഉത്തരവിൽ പറഞ്ഞിരുന്നു. അതിലും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തത വരുത്തി. ക്രിമിനൽ പശ്ചാത്തലമെന്നാൽ 'ഗുരുതരമായ കുറ്റകൃത്യങ്ങൾ' ഉൾപ്പെട്ട പഴയ കേസുകളെന്നാണ് ഉദ്ദ്യേശിക്കുന്നതെന്ന് പറഞ്ഞു. പെറ്രി കേസുകളുള്ള കുട്ടികളെ ബാധിച്ചേക്കുമെന്ന് അഭിഭാഷകർ അറിയിച്ചപ്പോഴാണിത്.
പെല്ലറ്ര് ഗൺ പ്രയോഗം സംബന്ധിച്ച് പ്രോട്ടോകോൾ രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂചന നൽകി. ആശയക്കുഴപ്പങ്ങൾ സുപ്രീംകോടതി നീക്കിയെന്ന് സി.ജെ.പി പ്രതികരിച്ചു. അതേസമയം, എഫ്.ഐ.ആർ പിൻവലിക്കൽ എന്ന വ്യവസ്ഥ നിയമത്തിൽ ഇല്ലെന്നും,അതിനാൽ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. സി.ജെ.പിയുമായുള്ള ധാരണ പ്രധാനമാണ്. കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകുക,പ്രോസിക്യൂഷൻ പിൻവലിക്കാൻ അപേക്ഷ നൽകുക, കോടതികൾ കേസ് റദ്ദാക്കുക എന്നിവയാണ് പോംവഴികൾ. കേന്ദ്രം ഇനിയും ചർച്ചയ്‌ക്ക് തയ്യാറാണ്. ചിലർ പ്രശ്‌നം കത്തിനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. മറുപടി നൽകാൻ കുറച്ചു ദിവസങ്ങൾ കൂടി വേണം. എഫ്.ഐ.ആറുകളുടെ പട്ടിക ഉൾപ്പെടെ സമർപ്പിക്കാമെന്നും വ്യക്തമാക്കി. ആഗസ്റ്റ് 18 വരെ സമയം നൽകി. കേരളത്തിലെ സമരത്തിൽ അടക്കം സ്വീകരിച്ച നടപടികളും അന്ന് അറിയിക്കും.
അതിക്രമം കാട്ടിയവരെ സംരക്ഷിക്കരുത്
സമരക്കാർക്ക് നേരെ അതിക്രമം കാട്ടിയ പൊലീസുകാരെ സംരക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ജന്തർ മന്ദർ പ്രതിഷേധസമരങ്ങൾക്ക് സുരക്ഷിതമല്ലെന്ന പൊതുതാത്പര്യഹർജിയിൽ കേന്ദ്ര-ഡൽഹി സർക്കാരുകളുടെ നിലപാട് സുപ്രീംകോടതി തേടി. വലിയ പ്രതിഷേധങ്ങളെ ഉൾക്കൊള്ളാൻ ഈ മേഖലയ്‌ക്ക് കഴിയില്ലെന്നാണ് ഹർജിയിലെ വാദം. പ്രധാനപ്പെട്ട ഹർജിയെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈയാഴ്ച തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു നൽകി. അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാനായി രൂപീകരിച്ച ഡൽഹി റൗസ് അവന്യു പ്രത്യേക അതിവേഗ കോടതിയിലെ ജഡ്ജിയെ മാറ്റി. അനുഗ്രോവർ ബലിഗയ്ക്ക് പകരം അജയ് ഗുപ്തയെ പുതിയ ജഡ്ജിയായി നിയമിച്ചു.
നീറ്റ് യു.ജി പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്രം സുപ്രീംകോടതിയിൽ വിശദീകരിക്കും. ചോദ്യപേപ്പർ അച്ചടി മുതൽ വിദ്യാർത്ഥികൾക്ക് അവകിട്ടുന്നത് വരെയുള്ള പ്രക്രിയ വിവരിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |