SignIn
Kerala Kaumudi Online
Monday, 03 August 2026 8.50 PM IST

'ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടിയത് കുറ്റിച്ചെടി', ആറ് മണിക്കൂറിൽ ​ പിഴയിട്ടത് 74 ഡ്രൈവർമാർക്ക്

shrub
കുറ്റിച്ചെടിയുടെ വേഷത്തിൽ റോഡരികിൽ ഒളിച്ചിരിക്കുന്ന പൊലീസുദ്യോഗസ്ഥൻ

ന്യൂയോർക്ക്: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കാൻ പൊലീസുകാർ പല അടവുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്നുള്ള ഒരു പൊലീസുകാരൻ ചെയ്ത തന്ത്രമാണ് ശ്രദ്ധേയമാകുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥൻ സ്വയം ഒരു കുറ്റിച്ചെടിയുടെ വേഷം ധരിച്ച് റോഡരികിൽ ഒളിച്ചിരുന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടി. ന്യൂജേഴ്സിയിലെ ഡനെല്ലൻ പൊലീസ് വകുപ്പാണ് ഇത്തരത്തിൽ വേറിട്ട രീതിയിൽ ട്രാഫിക് പരിശോധന നടത്തിയത്.

നഗരത്തിലെ തിരക്കേറിയ ഡൗൺടൗൺ മേഖലയിലായിരുന്നു പൊലീസിന്റെ പ്രത്യേക പരിശോധന. തലമുതൽ പാദംവരെ പച്ചിലപ്പടർപ്പുകൾ വച്ചുപിടിപ്പിച്ച് കൈയിൽ ബൈനോക്കുലറുമായി ഒരു പൊലീസുകാരൻ ചെടിയെപ്പോലെ അനങ്ങാതെ നിൽക്കുന്ന ചിത്രങ്ങൾ ഡനെല്ലൻ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

'ഞങ്ങളുടെ 'ചെടിയെ' നിങ്ങൾക്ക് മനസിലായോ? എന്നാൽ ഡ്രൈവിംഗിനിടയിൽ ഫോണിൽ മുഖം പൂഴ്ത്തിയിരുന്ന ഡ്രൈവർമാർക്ക് അതുകാണാൻ കഴിഞ്ഞിട്ടുണ്ടാകില്ല!'- ഫേസ്ബുക്ക് പോസ്റ്റിൽ പൊലീസ് ഉദ്യോഗസ്ഥർ തമാശരൂപേണ കുറിച്ചു. വെറും ആറ് മണിക്കൂർ നീണ്ട പരിശോധനയ്ക്കിടയിൽ റോഡിൽ ശ്രദ്ധിക്കാതെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 74 പേർക്കാണ് പൊലീസ് പിഴയിട്ടത്.

'ഫോണിൽ വരുന്ന സന്ദേശമോ നോട്ടിഫിക്കേഷനോ അല്പം കഴിഞ്ഞ് നോക്കാവുന്നതേയുള്ളൂ. സ്‌ക്രീനുകളിലല്ല, റോഡിലാണ് നിങ്ങളുടെ ശ്രദ്ധ ഉണ്ടാകേണ്ടത്'- എന്ന് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പൊലീസ് കുറിപ്പ് അവസാനിപ്പിച്ചത്. ന്യൂജേഴ്സിയിലെ 'ഹാൻഡ്സ്ഫ്രീ' നിയമപ്രകാരം മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് 19000 രൂപ മുതൽ (200 ഡോളർ)​ തുടക്കത്തിൽ തന്നെ പിഴ ഈടാക്കും. ആവർത്തിച്ചു കുറ്റം ചെയ്യുന്നവർക്ക് 57000 രൂപ (600 ഡോളർ)​ വരെ പിഴയും, മൂന്ന് തവണ പിടിക്കപ്പെട്ടാൽ 90 ദിവസം ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്.

English Summary

A police officer in Dunellen, New Jersey, disguised himself as a shrub (wearing foliage and holding binoculars) on a busy downtown street to catch drivers using mobile phones while driving.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAFFIC FINE RULES, LATESTNEWS, PHONE USE, NEWJERSEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360