SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.30 AM IST

കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി ഇൻഡി മണ്ഡലത്തിലെ എം.എൽ.എ രാജിവച്ചു രാജിസന്നദ്ധയുമായി നേതാക്കൾ 19 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്തു

d

ബംഗളൂരു: കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടനയെ ചൊല്ലി ഇൻഡി മണ്ഡലത്തിലെ എം.എൽ.എ യശ്വന്ത്‍രായ ഗൗഡ പാട്ടീൽ രാജിവച്ചു. രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലമാനിയ്ക്ക് കൈമാറി. തനിക്ക് അർഹമായ പരിഗണന ലഭിക്കാത്തതിൽ വിഷമമുണ്ടെന്നും പാർട്ടി വിടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും പാട്ടീൽ വ്യക്തമാക്കി.

ഇതിനിടെ ഭദ്രാവതി എം.എൽ.എ സംഗമേഷും രാജി സന്നദ്ധയറിച്ച് രംഗത്തെത്തി. ഇവരുടെ അനുയായികൾ മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. വിജയനഗരിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കോലം കത്തിച്ചു. മൈസൂരുവിൽ നിന്നുള്ള എം.എൽ.എ. തൻവീർ സേഠിന്റെ അനുയായി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇതിനിടെ, മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, എല്ലാവർക്കും അവസരം വരുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ശിവകുമാർ പറഞ്ഞു.

ഇന്നലെ വൈകിട്ട് ബംഗളൂരുവിലെ രാജ് ഭവനിൽ നടന്ന ചടങ്ങിൽ 19 മന്ത്രിമാർ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ഡി.കെ മന്ത്രിസഭയിൽ 33 മന്ത്രിമാരായി. അതേസമയം, മന്ത്രിസഭയിലെ ഏക വനിതാ അംഗമായ ഗായത്രി ശാന്തെഗൗഡയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിൽ പ​ങ്കെടുത്തില്ല.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ മേയ് 28ന് രാജിവച്ചതിനെ തുടർന്ന് ജൂൺ മൂന്നിനാണ് ശിവകുമാറും 13 മന്ത്രിമാരും ചുമതലയേറ്റത്. മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 34 മന്ത്രിമാരെയാണ് കർണാടക മന്ത്രിസഭയിൽ ഉൾപ്പെടുത്താനാവുക.

എൻ.എ. ഹാരിസിന്

മന്ത്രിസ്ഥാനമില്ല


മലയാളിയും ഡി.കെ. ശിവകുമാറിന്റെ അടുത്ത അനുയായിയുമായ എൻ.എ. ഹാരിസ് മന്ത്രിസഭയിൽ ഇടംപിടിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം പുതിയ മന്ത്രിസഭയിൽ ഒറ്റ വനിത മാത്രമാണുള്ളത്. ചിക്കമംഗളൂരു ലോക്കൽ അതോറിറ്റീസ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗായത്രി ശാന്തേഗൗഡ.

മുൻ മന്ത്രിമാരുടെ

മക്കളും

മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ മൂന്നുപേർ മന്ത്രിസഭയിൽ ഇടംപിടിച്ചു. നിലവിൽ മന്ത്രിയായ യതീന്ദ്ര സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ, മുൻ മുഖ്യമന്ത്രി എൻ. ധരംസിങ്ങിന്റെ മകൻ അജയ് സിങ് എന്നിവർക്കാണ് അവസരം ലഭിച്ചത്. കൂടാതെ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, ജെ.ഡി.എസ് വിട്ടെത്തിയ കെ.എം. ശിവലിംഗ ഗൗഡ എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചു.

നിയമസഭാ സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡപ്യൂട്ടി സ്പീക്കറായി എ.എസ്. പൊന്നണ്ണയെയും തീരുമാനിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായി സലീം അഹമ്മദിനെയും ഡപ്യൂട്ടി ചെയർപഴ്സനായി ഉമാശ്രീയെയും തിരഞ്ഞെടുത്തു.

കോൺഗ്രസിൽ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്കാണ് പ്രാധാന്യം.

-ബേലൂർ ഗോപാലകൃഷ്ണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360