
ന്യൂഡൽഹി: ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കടലാസ് രേഖകൾക്കൊപ്പം ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾക്കും നിയമസാധുത നൽകുന്ന 'ബാങ്കേഴ്സ് ബുക്ക്‌സ് എവിഡൻസ് ബിൽ' ലോക്സഭയിൽ അവതരിപ്പിച്ചു. വെർച്വൽ, ക്ലൗഡ് അധിഷ്ഠിത രേഖകൾക്കും നിയമ സാധുതയുണ്ടാകും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ബിൽ അവതരിപ്പിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ, ചെക്ക് ബൗൺസ് കേസുകൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോടതികൾക്ക് തെളിവുകൾ വേഗത്തിൽ പരിശോധിച്ച് നീതി നടപ്പാക്കാൻ ഇത് സഹായിക്കും. ഇന്നത്തെ കാലഘട്ടത്തിലെ ഡിജിറ്റൽ ബാങ്കിംഗ്, സാങ്കേതികവിദ്യകൾ എന്നിവയ്‌ക്ക് അനുയോജ്യമായ രീതിയിൽ നിയമം പരിഷ്‌കരിക്കാൻ 1891ലെ 'ബാങ്കേഴ്സ് ബുക്‌സ് എവിഡൻസ് നിയമം' റദ്ദാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
ബാങ്ക് ഉദ്യോഗസ്ഥർക്ക് ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് ഒപ്പുകൾ ഉപയോഗിച്ച് രേഖകൾ സാക്ഷ്യപ്പെടുത്താമെന്നും ബില്ലിൽ വ്യവസ്ഥ. ബാങ്കുകൾക്ക് പുറമെ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും നിയമം ബാധകം. ബാങ്ക് നേരിട്ട് കക്ഷിയല്ലാത്ത കേസുകളിൽ, ബാങ്ക് ഉദ്യോഗസ്ഥർ ആവശ്യമില്ലാതെ കോടതി കയറിയിറങ്ങുന്നത് ഒഴിവാക്കാനും വ്യവസ്ഥ ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |