
ചെന്നൈ: കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന് ആക്ഷേപം. ഉദയനിധിയുടെ പരാമർശനത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനമുണ്ടായി. കവേരി നദീജല തർക്കത്തിൽ തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധിയുടെ പരാമർശം.
കാവേരി നദീജല തർക്കം കൈകാര്യം ചെയ്ത രീതിയെ ഉദയനിധി സ്റ്റാലിൻ വിമർശിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് ഉദയനിധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുന്നു. ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.
പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി.എം.കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. ഇതിന് ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെയായിരുന്നു ദ്വയാർത്ഥ പ്രയോഗം. ഉടനെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി തിരുത്തുകയും ചെയ്തു. ടി.വി.കെ നേതാക്കളും ബി.ജെ.പി നേതാക്കളും ഉദയനിധിക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |