
ന്യൂഡൽഹി: ബീഹാറിൽ കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിരാശപ്പെടുത്തിയ ജൻ സുരാജ് പാർട്ടിയുടെ വൻ തിരിച്ചുവരവാണ് ബി.ജെ.പി കോട്ടയിലെ പ്രശാന്ത് കിഷോറിന്റെ ജയം. തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധന്റെ മേലങ്കി മാറ്റി രാഷ്‌ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞ പ്രശാന്ത് കിഷോറിന്റെ കന്നി ജയത്തിലൂടെ ജൻസുരാജ് പാർട്ടി ആദ്യ സീറ്റും നേടി. അതും ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പുരിൽ ആദ്യമായി അവരെ പരാജയപ്പെടുത്തി. ബി.ജെ.പിക്ക് ദേശീയ തലത്തിൽ അടക്കം നേരിട്ട പ്രതിസന്ധികളും യുവാക്കളുടെ പ്രതിഷേധവും പ്രശാന്ത് കിഷോറിന് അനുകൂലമായി മാറിയെന്നാണ് വിലയിരുത്തൽ.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മണ്ഡലത്തിൽ ബി.ജെ.പി അപ്രതീക്ഷിത വെല്ലുവിളികൾ നേരിട്ടിരുന്നു. ആദ്യം നാമനിർദ്ദേശ പത്രിക സമർപ്പിച്ച അഭിഷേക് കുമാർ സിൻഹ കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറിയതിനെ തുടർന്നാണ് യുവമോർച്ച നേതാവ് നീരജ് കുമാർ സിൻഹ സ്ഥാനാർത്ഥിയായത്.
നിതീഷ് കുമാർ യുഗം കഴിഞ്ഞ ബീഹാറിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോഴാണ് ബി.ജെ.പിക്ക് ശക്തികേന്ദ്രത്തിൽ പിഴച്ചത്. ഡൽഹി യുവജനപ്രക്ഷോഭത്തെ നേരിട്ടതിലെ പിഴവ് കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സൂചനകളുണ്ടായിരുന്നു. ബി.ജെ.പിയിലെ പ്രശ‌്‌നങ്ങൾ പ്രശാന്തിന് നന്നായി മുതലെടുക്കാനുമായി.
കോൺഗ്രസിനും ബി.ജെ.പിക്കും ജയം
ഉപതിരഞ്ഞെടുപ്പ് നടന്ന മദ്ധ്യപ്രദേശ് ദാത്തിയ നിയമസഭ സീറ്റ് കോൺഗ്രസും ഗുജറാത്തിലെ മഞ്ചൽപൂർ ബി.ജെ.പിയും നിലനിറുത്തി.കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതി അയോഗ്യനായതിനെ തുടർന്ന് ഒഴിവു വന്ന ദാത്തിയ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥി ഘനശ്യാം സിംഗാണ് വിജയിച്ചത്. ബി.ജെ.പിയുടെ അശുതോഷ് തിവാരിയെ 6,016 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
സിറ്റിംഗ് എം.എൽ.എ യോഗേഷ്ഭായ് നരന്ദാസ് പട്ടേലിന്റെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ മഞ്ചൽപൂർ മണ്ഡലം മുൻ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ സതീഷ് ഗോവിന്ദ്ഭായ് പട്ടേലിലൂടെ ബി.ജെ.പി നിലനിറുത്തി. മുൻ മന്ത്രിയും ഗുജറാത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ബിഖാഭായ് റബാരിയെ 30,630 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |