
ന്യൂഡൽഹി: 79,459 കോടി ചെലവിട്ട് നിർമ്മിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ പഛ്പദ്രയിലാണ് റിഫൈനറി. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ,തദ്ദേശീയ എണ്ണ പര്യവേക്ഷണം എന്നിവയ്‌ക്ക് കരുത്താകുമെന്ന് മോദി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷ സമയത്ത് 40ൽപ്പരം രാജ്യങ്ങളിൽ നിന്ന് എൽ.പി.ജിയും എണ്ണയും ഇറക്കുമതി ചെയ്‌ത് പ്രതിസന്ധി വിജയകരമായി മറികടന്നു. നയതന്ത്രമാണ് ഇന്ത്യയെ സഹായിച്ചത്. ആശങ്ക പരത്താൻ ശ്രമിച്ചവർ നിരാശയിലാണെന്ന് പ്രതിപക്ഷത്തെ കുത്തി മോദി പറഞ്ഞു.
റിഫൈനിംഗ് ശേഷിയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ രാജ്യമായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ വില വർധിച്ചതിനെത്തുടർന്ന് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ എണ്ണക്കമ്പനികൾക്ക് 75,000 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായി. എന്നാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സർക്കാർ ആ ബാദ്ധ്യത ഏറ്റെടുത്തെന്നും അറിയിച്ചു. ചടങ്ങിൽ 1.06 ലക്ഷം കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു. ജോധ്‌പൂരിലെത്തിയ മോദി,അവിടുത്തെ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്‌തു. 480 കോടി ചെലവിട്ടാണ് നിർമ്മിച്ചത്. 28,840 കോടിയുടെ നവീകരിച്ച ഉഡാൻ പദ്ധതിക്കും ആരംഭം കുറിച്ചു.
40 മടങ്ങ് സ്റ്റീൽ ഉപയോഗിച്ചു
പഛ്പദ്രയിലെ റിഫൈനറി നിർമ്മിക്കാൻ 3 ലക്ഷം മെട്രിക് ടൺ സ്റ്റീലാണ് ഉപയോഗിച്ചത്. ഇത് ഈഫൽ ടവറിലുള്ളതിനേക്കാൾ 40 മടങ്ങാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും രാജസ്ഥാൻ സർക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അറബ് രാജ്യങ്ങളിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്നവയ്‌ക്കൊപ്പം രാജസ്ഥാനിൽ നിന്ന് കുഴിച്ചെടുക്കുന്ന ക്രൂഡ് ഓയിലും ഇവിടെ ശുദ്ധീകരിക്കും.
1.രാജ്യത്തെ അത്യാധുനിക ബി.എസ് 6 സ്റ്റാൻഡേഡ് റിഫൈനറി
2.റിഫൈനറിക്ക് പുറമെ പെട്രോ കെമിക്കൽ പ്ലാന്റും
3.പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സീറോ ലിക്വിഡ് എഫ്ലുവന്റ് ഡിസ്ചാർജ് സംവിധാനം
4.ക്രൂഡ് ഓയിൽ ശുദ്ധീകരണ സമയത്ത് ദ്രാവക മാലിന്യം പുറത്തേക്ക് ഒഴുക്കില്ല
5.പ്രതിവർഷം 90 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാനുള്ള ശേഷി
76,00 കോടി ചെലവിട്ട്
സെമികണ്ടക്‌ടർ പ്ലാന്റും
ഗുജറാത്തിലെ സാനന്ദിൽ 7600 കോടി ചെലവിട്ടു നിർമ്മിച്ച സെമികണ്ടക്‌ടർ പ്ലാന്റും മോദി ഉദ്ഘാടനം ചെയ്‌തു. രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്‌ടർ പ്ലാന്റാണിത്. വർഷത്തിൽ 20 കോടി സെമികണ്ടക്‌ടർ ചിപ്‌സ് നിർമ്മിക്കാൻ ഇവിടെ കഴിയുമെന്നും കാലക്രമേണ രാജ്യത്തിന്റെ ഉത്പാദനം 500 കോടിയായി വരെ വർദ്ധിപ്പിക്കുമെന്നും മോദി വ്യക്തമാക്കി. 20 വർഷത്തിലേറെയായി കണ്ട സ്വപ്‌നമാണ് സാക്ഷാത്കരിച്ചതെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |