
മുംബയ്: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണത്തിൽ സെൻട്രൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ശിവസേനാ (ഉദ്ധവ് താക്കറെ) നേതാവും എം.എൽ.എയുമായ ആദിത്യ താക്കറെ, അഭിനേതാക്കളായ ഡിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രവർത്തി എന്നിവരടക്കമുള്ളവരുടെ പേരുകളാണ് എഫ്.ഐ.ആറിലുള്ളത്. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണിത്.
കൊലപാതകം, കൂട്ടബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിന്റെ ഗൂഢാലോചനയിലും തുടർന്നുള്ള തെളിവ് നശിപ്പിക്കലിലും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ ആരോപിക്കുന്നു. കേസ് ഫയലുകളും ഔദ്യോഗിക രേഖകളും നശിപ്പിക്കൽ, സർക്കാരിന്റെ പണവും പൊലീസിനെയും ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും സി.ബി.ഐ പറയുന്നു.
അന്വേഷണത്തിന് മുന്നോടിയായി ദിശയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ മുംബയ് പൊലീസിന് കത്തുനൽകിയിരുന്നു. കഴിഞ്ഞ ആഴ്ച ദിശയുടെ പിതാവ് സതീഷ് സാലിയൻ സി.ബി.ഐക്ക് മുൻപാകെമൊഴി നൽകി. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവരുൾപ്പെടെയുള്ളവർക്ക് ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും പങ്കുണ്ടെന്ന് മൊഴിയിൽ അദ്ദേഹം ആരോപിച്ചിരുന്നു.
2020 ജൂൺ എട്ടിനാണ് ദിശാ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബയ് മലാനിലെ കെട്ടിടത്തിന്റെ 14ാം നിലയിൽനിന്ന് വീണു മരിച്ചുവെന്നാണ് പൊലീസ് നിഗമനം. ദിവസങ്ങൾക്ക് ശേഷം സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ന് മുംബയ് പൊലീസ് അപകടമരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ദിശയുടെ പിതാവ് നൽകിയ ഹർജിയിലാണ് സെപ്തംബർ രണ്ടിന് ബോംബെ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
നേരത്തെ ദിഷയടേത് ആത്മഹത്യയാണെന്നാണ് പൊലീസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |