
ന്യൂഡൽഹി: എമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വിമാനത്താവളത്തിൽ നിന്ന് മ്യൂണിക്കിലേക്ക് പറന്ന സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണം.
സെപ്തംബർ മൂന്നിന് രാത്രി അമൃത്സറിൽ നിന്ന് എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനത്തിൽ ഡൽഹിയിലെത്തിയ മൂന്നുപേരും പുലർച്ചെ ലുഫ്താൻസയുടെ മ്യൂണിക് വിമാനത്തിൽ കയറി. വിദേശയാത്രയ്ക്ക് നിർബന്ധമായ എമിഗ്രേഷൻ പരിശോധന അവർ നടത്തിയിരുന്നില്ല. എയർ ഇന്ത്യയും ലുഫ്താൻസയും കോഡ് ഷെയർ പങ്കാളികളാണ്. യാത്രക്കാരുടെ വിവരങ്ങൾ പിന്നീട് മാനുവലായി ഒത്തുനോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
എയർ ഇന്ത്യയുടെ 'ഈസി കണക്ട്' സംവിധാനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രാഥമികമായി ചൂണ്ടിക്കാണിക്കുന്നത്. ഇവർ ഡൽഹിയിൽ ഇറങ്ങിയ ശേഷം എമിഗ്രേഷൻ നടത്തേണ്ടവരായിരുന്നു.
ഡൽഹി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ എ.ഐ.എസ്.എ.ടി.എസിന്റെ പങ്കും അമൃത്സറിൽ നിന്നെത്തിയ ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങൾ ഒത്തുനോക്കാത്തതും പരിശോധിക്കും. സെപ്തംബർ 12നാണ് നോട്ടീസ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |