
ന്യൂഡൽഹി: രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം. 9269 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ 3795 ഇടങ്ങളിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് 3265 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ 2080 സീറ്റുകളിലും വിജയിച്ചു.
309 തദ്ദേശ സ്ഥാപനങ്ങളിലെ 10,245 വാർഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
22% സീറ്റുകളിൽ സ്വതന്ത്രർക്കാണ് വിജയം. ഇവരിൽ പലരും ബി.ജെ.പി, കോൺഗ്രസ് വിമതരാണ്. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ തട്ടകമായ ഭരത്പൂരിലെ 65 വാർഡുകളിൽ 36 ഇടത്തും സ്വതന്ത്രർ ജയിച്ചു. ബി.ജെ.പിക്ക് 20 സീറ്റുകൾ മാത്രമാണ് ഇവിടെ നേടാനായത്.
അതേസമയം,സി.പി.എമ്മും ആംആദ്മിയും അടക്കമുള്ള പാർട്ടികൾ 129ൽപ്പരം സീറ്റുകൾ നേടി. ബിക്കാനീറിലെ നോഖ മുനിസിപ്പാലിറ്റി സി.പി.എമ്മും ബാരൻ മുനിസിപ്പാലിറ്റി ആംആദ് മി പാർട്ടിയും പിടിച്ചു. ബാരനിലെ 60ൽ 31 വാർഡുകളിലാണ് ആംആദ്മി ജയിച്ചത്. ഇവിടെ കോൺഗ്രസ് 18,ബി.ജെ.പി 9, സ്വതന്ത്രർ 2 സീറ്റുകൾ നേടി. ആൽവാർ,കോട്ട,ജയ്‌പൂർ മേഖലകളിൽ ബി.ജെ.പി കരുത്തു കാട്ടി. ഉദയ്‌പൂരിലും ഭിൽവാരയിലും കോർപറേഷൻ ഭരണം നേടി. അജ്മേറിലും പാലിയിലും കോൺഗ്രസിനാണ് മേൽക്കൈ.
ബി.ജെ.പി സ്ഥാനാർത്ഥിക്ക്
കിട്ടിയത് ഒറ്റ വോട്ട്
പർബത്‌സർ മുനിസിപ്പിലാറ്റിയിലെ 13ാം വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥി കൈലാഷ് ചന്ദിന് ലഭിച്ചത് ഒരു വോട്ടു മാത്രം. എതിർസ്ഥാനാർത്ഥിയായ കോൺഗ്രസിലെ ഹിന ഖനാം 376 വോട്ടു നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി റാഷിദ് ഖാൻ 195 വോട്ട് നേടി. താൻ ആ വാർഡിലെ താമസക്കാരനല്ലാത്തതിനാലാണ് തോറ്റതെന്ന് ബി.ജെ.പി സ്ഥാനാർത്ഥി പ്രതികരിച്ചു. കൈലാഷ് ചന്ദിനോ കുടുംബത്തിനോ അവിടെയല്ല വോട്ട്.
ഒറ്റ വോട്ടിനു ജയിപ്പിച്ച്
അമ്മ മടങ്ങി
നദ്ബായ് മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജഗദീഷ് പ്രസാദ് ജയിച്ചത് ഒറ്റ വോട്ടിന്. അദ്ദേഹത്തിന്റെ അമ്മ വോട്ടെടുപ്പിന്റെ തൊട്ടടുത്ത ദിവസം മരിച്ചിരുന്നു. ഒരു വോട്ടിനാണ് ബി.ജെ.പിയിലെ രാംശരണിനെ തോൽപ്പിച്ചതെന്ന് അറിഞ്ഞതോടെ ജഗദീഷ് പ്രസാദ് പൊട്ടിക്കരഞ്ഞു. അമ്മയുടെ വോട്ടാണ് ജയിപ്പിച്ചതെന്ന് കുടുംബം പറയുന്നു. ജഗദീഷ് പ്രസാദ് 151 വോട്ടു നേടിയപ്പോൾ എതിർസ്ഥാനാർത്ഥിക്ക് കിട്ടിയത് 150 വോട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |