
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് ബി.ജെ.പി അദ്ധ്യക്ഷൻ മഹേന്ദ്ര ഭട്ടിനെയും പ്രവർത്തകരെയും പ്രതികളാക്കി കേസ്. ബംഗളൂരു പൊലീസാണ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.
എസ്.സി/എസ്.ടി നിയമം,പൗരാവകാശ സംരക്ഷണ നിയമം തുടങ്ങിയവ ചുമത്തി. ആദിവാസി കോൺഗ്രസിന്റെ പട്ടികവർഗ ഡിപ്പാർട്ടുമെന്റ് സെൽ മുൻ വൈസ് ചെയർമാൻ ടി.ആർ. രാമപ്പ സമർപ്പിച്ച പരാതിയിലാണിത്. അധികാരപരിധിയിൽ നടന്ന സംഭവമല്ലെങ്കിലും രാജ്യത്തെ ഏതു സ്റ്റേഷനിലും കേസെടുക്കാനാവുന്നതാണ് സീറോ എഫ്.ഐ.ആർ. സീറോ നമ്പർ മാത്രമാണ് രേഖപ്പെടുത്തുന്നത്. കുറ്രകൃത്യം നടന്ന സ്റ്റേഷനിലേക്ക് ഈ എഫ്.ഐ.ആർ അയയ്ക്കും. തുടർനടപടി അവരാണ് സ്വീകരിക്കേണ്ടത്. സംഭവത്തിൽ ഇത് ആദ്യമായിട്ടാണ് കേസെടുക്കുന്നത്.
മഹേന്ദ്ര ഭട്ട് പരസ്യമായി
ന്യായീകരിച്ചുവെന്ന്
ആഗസ്റ്റ് 8ന് ഉത്തരാഖണ്ഡ് ഹൽദ്വാനിയിലെ രാംലില ഗ്രൗണ്ടിൽ നടന്ന സംഭവം രാഷ്ട്രീയ വിവാദമായിരുന്നു. അവിടെ സംഘടിപ്പിച്ച പൊതുചടങ്ങിൽ പങ്കെടുത്ത് ഖാർഗെ മടങ്ങിയതിനു പിന്നാലെ പ്രാദേശിക ബി.ജെ.പി പ്രവർത്തകർ വേദി ശുദ്ധീകരിച്ചുവെന്നാണ് ആരോപണം. പട്ടികജാതിക്കാരനായ ഖാർഗെയുടെ സാന്നിദ്ധ്യം വേദിക്ക് അശുദ്ധിയുണ്ടാക്കിയെന്ന ധാരണയുണ്ടാക്കാനാണ് ബി.ജെ.പിക്കാർ ലക്ഷ്യമിട്ടതെന്ന് പരാതിയിൽ പറയുന്നു. ഉത്തരാഖണ്ഡ് ബി.ജെ.പി അദ്ധ്യക്ഷനും കൂട്ടാളികളും ഈ നടപടിയെ പരസ്യമായി ന്യായീകരിച്ചു. ശുദ്ധീകരണത്തെ അനുകൂലിക്കുന്ന നിലപാടെടുത്തെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ, കോൺഗ്രസിലെ പ്രധാന നേതാക്കൾ പ്രതികരിച്ചില്ലെന്ന് ഖാർഗെ വിഷമം പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ കേന്ദ്രമന്ത്രി ജെ.പി. നദ്ദക്ക് കത്തയച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |