
ന്യൂഡൽഹി: ജന്തർ മന്ദറിലെ പാറ്റകളുടെ സമരത്തിൽ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്‌ത അക്രമിയെ തള്ളി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. കേന്ദ്രമന്ത്രി മൂത്ത സഹോദരനെ പോലെ ബന്ധമുള്ളയാളെന്ന് അക്രമിയായ സ്വതന്ത്ര ഭരദ്വാജ് യുട്യൂബ് പോഡ്കാസ്റ്റിൽ അവകാശപ്പെട്ടിരുന്നു. തന്റെ പേര് പ്രതി ദുരുപയോഗിക്കുകയാണെന്നും വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പാസ്വാൻ പ്രതികരിച്ചു.
പിന്നാലെ ലോക് ജൻശക്തി പാർട്ടി (രാംവിലാസ്) പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അനാവശ്യമായി ചിരാഗിന്റെ പേര് പ്രതി വലിച്ചിഴച്ചു. പാർട്ടിക്കോ ചിരാഗിനോ പ്രതിയുമായി ബന്ധമില്ല. ദളിത് വിദ്യാർത്ഥിക്കും പരിക്കേറ്റ പിതാവിനും ഒപ്പമാണ് പാർട്ടി. ഡൽഹി തൊഴിൽ മന്ത്രി കപിൽ മിശ്ര ഇടപെട്ടാണ് തന്നെ സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചതെന്നും പ്രതി അവകാശപ്പെട്ടിരുന്നു.
പോക്‌സോയും ചുമത്തി
വെള്ളിയാഴ്ച രാവിലെ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതാക്കളും ലോക്‌സഭാ എം.പിമാരായ ചന്ദ്രശേഖർ ആസാദ്,പപ്പു യാദവ് എന്നിവരും അടക്കം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചതിനു പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിക്കെതിരെ എസ്.സി/എസ്.ടി നിയമവും പോക്‌സോയും ചുമത്തി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്കെതിരെയുള്ള സാമൂഹിക മാദ്ധ്യമ അധിക്ഷേപങ്ങളിലും വധഭീഷണിയിലും പോക്സോ ചുമത്തി പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. ഉത്തർപ്രദേശ് ബുലന്ദ്ഷെഹറിലെ വീട്ടിൽ നിന്ന് പിടികൂടിയ അക്രമിയെ ഇന്നലെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വിദ്യാർത്ഥികളെ ആക്രമിച്ചത് വേദനിപ്പിച്ചു
വിദ്യാർത്ഥികളെ പൊലീസ് ആക്രമിക്കുന്നത് അതീവ ഗൗരവമായ വിഷയമെന്ന് സുപ്രീംകോടതി ജഡ്‌ജി ഉജ്ജൽ ഭുയാൻ. അങ്ങേയറ്റം വേദനിപ്പിക്കുന്നതാണിത്. ഡൽഹിയിൽ,റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ യശോവർദ്ധൻ ആസാജ് എഴുതിയ 'പൊലീസിംഗ് ദ റിപ്പബ്ലിക്' എന്ന പുസ്‌തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിർവഹണസമയത്ത് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പ്രതീക്ഷിക്കുന്ന നിഷ്‌പക്ഷ സമീപനം അപ്രത്യക്ഷമാകുന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും ജഡ്‌ജി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |