
വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം
അഹമ്മദാബാദ്: വാഹനാപകടത്തിൽ 22കാരി മരിച്ചു. ഇടിച്ച വാഹനം നിറുത്താതെ പോയി. എന്നാൽ പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന ദുരഭിമാന കൊലപാതകം. യുവാവിനൊപ്പമുള്ള റീൽ വൈറലായതിന് പിന്നാലെ 22കാരിയെ പിതാവും സഹോദരനും ചേർന്ന് ചുറ്റികയ്ക്ക് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. ഗുജറാത്തിലെ സർക്കേജിലാണ് സംഭവം. ആശുപത്രി റിസപ്ഷനിസ്റ്റായിരുന്ന സോഫിയ ഫറൂഖാണ് (22) കൊല്ലപ്പെട്ടത്. കേസിൽ പിതാവ് മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), സഹോദരൻ ഹാബിൽ ഫറൂഖ് (38) എന്നിവർ അറസ്റ്റിലായി.
ആഗസ്റ്റ് 12ന് രാത്രിയാണ് സംഭവം. ഹാബിലിനൊപ്പം ബൈക്കിൽ പോകവെ അജ്ഞാത വാഹനം ബൈക്കിന് പിന്നിൽ ഇടിച്ചുവെന്നായിരുന്നു
ഇവർ പൊലീസിനെ അറിയിച്ചത്. തലയ്ക്ക് പിന്നിലും കാലിലും ഗുരുതര പരിക്കേറ്റ സോഫിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.
എന്നാൽ പൊലീസ് അന്വേഷണത്തിൽ മരണം വാഹനാപകടം മൂലമല്ലെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും കണ്ടെത്തി. സോഫിയയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച ഹാബിൽ ചുറ്റിക കൊണ്ട് മൂന്നുതവണ തലയ്ക്കടിക്കുകയായിരുന്നു. അമിതവേഗതയിലുള്ള വാഹനം ഇടിച്ചതുപോലെ വരുത്തിത്തീർക്കാൻ ബൈക്ക് കേടുവരുത്തുകയും ചെയ്തു. സഹായത്തിനായി ഫറൂഖും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് ഇവർ മൃതദേഹം റോഡിലെത്തിച്ച് അപകടത്തിൽപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. പ്രതികൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
മൂന്നുമാസം മുമ്പാണ് സോഫിയയുടെയും സുഹൃത്തിന്റെയും റീൽ പ്രചരിച്ചത്. യുവതിയെ താക്കീത് ചെയ്ത പിതാവും സഹോദരനും മറ്റുള്ളവരുമായി സംസാരിക്കുന്നതും വിലക്കിയിരുന്നു. കുടുംബത്തിന്റെ സൽപ്പേര് സൂക്ഷിക്കാനായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രതികൾ ഫാബ്രിക്കേഷൻ ബിസിനസുകാരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |