
ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ (74) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നോയിഡ സെക്ടർ 82ലെ വാടകവീട്ടിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ദീർഘകാലമായി അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സൂചന നൽകുന്ന കുറിപ്പ് വീട്ടിൽനിന്ന് കണ്ടെത്തി. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡെറാഡൂണിലായിരുന്ന ഭാര്യ സുമന്തി മേത്ത
ഫോണിൽ ബന്ധപ്പെടാനാകാതെവന്നതോടെ അയൽവീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
1975 ബാച്ച് എ.ജി.എം.യു.ടി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2007ലാണ് ഡൽഹി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 2010 നവംബർ വരെ പദവിയിൽ. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡൽഹി ഭരണത്തിലെ നിർണായക സാന്നിദ്ധ്യമായിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണറായും സേവനമനുഷ്ഠിച്ചു. 2010 കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായുള്ള ഡൽഹിയുടെ അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം, വൈദ്യുതി, നഗരവികസനം തുടങ്ങിയ മേഖലകളിൽ മേത്ത പ്രധാന ചുമതലകൾ വഹിച്ചു. വിരമിച്ചശേഷം നോയിഡയിലായിരുന്നു താമസം. ഡെറാഡൂണിൽ പിഎച്ച്.ഡി ചെയ്യുകയാണ് മകൻ. മകൾ ലണ്ടനിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |