SignIn
Kerala Kaumudi Online
Sunday, 13 September 2026 1.00 AM IST

ബ്രിക്സിൽ ഇന്ത്യൻ രസതന്ത്ര വിജയം ഇറാൻ-യു.എ.ഇ  കൂടിക്കാഴ്ച  പശ്ചിമേഷ്യയിൽ സമാധാനാഹ്വാനം 

modi

ന്യൂഡൽഹി: രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബഹുമാനിച്ച് പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം. പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. ചർച്ച സ്ഥിരീകരിച്ച ഇറാൻ എംബസി ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഉച്ചകോടി പരമാവധി സംയമനം പാലിക്കാനും സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു. സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം. ആഗോള തീരുമാനങ്ങൾ നിഷ്ക്രിയമായി സ്വീകരിക്കുന്നവർ എന്ന നിലയിൽനിന്ന് അവ രൂപപ്പെടുത്തുന്ന ശക്തിയായി 'ഗ്ലോബൽ സൗത്ത്' മാറണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനും ഉച്ചകോടി വേദിയായി. ഇതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഘടനാപരമായ പരിഷ്‌കരണമുണ്ടാകണം തുടങ്ങിയ ശക്തമായ നിർദ്ദേശങ്ങളാണ് ആമുഖ പ്രസംഗത്തിൽ മോദി മുന്നോട്ടുവച്ചത്.

ഏകപക്ഷീയമായി തീരുവ ചുമത്തുന്ന യു.എസ് നടപടിയെ ബ്രിക്‌സ് പ്രഖ്യാപനം വിമർശിച്ചു. ഏകപക്ഷീയ തീരുവ ആഗോള വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയും വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യും.

പുലർച്ചെ നാലുവരെ ചർച്ച

യു.എസ് നേതൃത്വത്തിലുള്ള ആക്രമണത്തെ അപലപിക്കണമെന്ന ഇറാന്റെയും പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം ഉയർത്തിയ സൗദി-യു.എ.ഇ രാജ്യങ്ങളുടെയും വിഭിന്ന നിലപാടുകൾ കാരണം ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചകൾക്കൊടുവിലാണ് സമവായമായത്

വ്യത്യസ്‌തമായ ഭൗമരാഷ്ട്രീയ നിലപാടുകൾ ബ്രിക്സ് പ്രക്രിയയെ തടസപ്പെടുത്താൻ പാടില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ആരുടെയും പേര് പരാമർശിക്കേണ്ടെന്ന് ധാരണയായി

ഇറാനെ തൃപ്‌തിപ്പെടുത്താൻ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി അംഗീകരിച്ച സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സമാധാനപരമായ ആണവ സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി

ചർച്ചകളും നയതന്ത്രവും വഴി മേഖലയിലെ ശാശ്വത സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്‌ക്കായി ദീർഘകാല ധാരണയുണ്ടാക്കാനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പേരെടുത്ത് പറയാതെ ആഹ്വാനം ചെയ‌്തു

140 നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന 45 പേജുള്ള കരട് പ്രഖ്യാപനം ഉച്ചയ്‌ക്കു നടന്ന ചർച്ചയിൽ അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു


ഭീകരതയ്‌ക്ക് പിന്തുണയില്ല

കാശ്മീരിൽ 26പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച ബ്രിക്‌സ് എല്ലാ തരത്തിലുള്ള ഭീകരതയും എതിർക്കണമെന്ന് വ്യക്തമാക്കി. ഗാസയിലെ വെടിനിറുത്തൽ തുടരണമെന്നും പാലസ്തീനികളെ സംരക്ഷിക്കണമെന്നും ആവർത്തിച്ചു.

യു.എന്നിന് വനിത വേണം

അടുത്ത യു.എൻ സെക്രട്ടറി ജനറൽ ആയി വനിത വരണം. പ്രാതിനിധ്യം ലഭിക്കാത്ത രാജ്യങ്ങളെ പരിഗണിക്കണം. യു.എൻ സുരക്ഷാ കൗൺസിൽ ഇന്ത്യയ്‌ക്കും ബ്രസീലിനും സ്ഥിരാംഗത്വം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360