
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ഇനി വോട്ടുകൊള്ളയിലൂടെ ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. മോദിയെ മാറ്റി ജനാധിപത്യത്തെ രക്ഷിക്കണമെന്ന് രാംലീല മാർച്ചിൽ അദ്ദേഹം ആഹ്വാനം ചെയ്‌തു.
ഭൂമിക്കടിയിൽ നിന്നായാലും സത്യം പുറത്തുകൊണ്ടുവരാനുള്ള ശക്തി യുവജനതയ്ക്കുണ്ട്. മോദിജി സി.ബി.ഐയെയും ഇ.ഡിയെയും പൊലീസിനെയും ഉപയോഗിച്ച് ഭയപ്പെടുത്തിയിട്ട് കാര്യമില്ല. 'ഇന്ത്യ" മുന്നണി ഭയപ്പെടുന്നവരല്ല. സ്വയം തിരഞ്ഞെടുത്തവർ മാത്രം വോട്ടു ചെയ്‌ത് ജയിപ്പിച്ച പ്രധാനമന്ത്രിയാണ് മോദി. കേന്ദ്രത്തിലും മഹാരാഷ്‌ട്ര, ബീഹാർ, യു.പി സംസ്ഥാനങ്ങളിലും അവർ കള്ള വോട്ടുകൊണ്ടാണ് ജയിച്ചത്. ഈ കള്ളമാരെ പുറത്താക്കണം -ഖാർഗെ പറഞ്ഞു. ഫറൂഖ് അബ്‌ദുള്ള (നാഷണൽ കോൺഫറൻസ്), നേഹ ബോറ (ഐസ), മെഹബൂബ മുഫ്‌തി(പി.ഡി.പി) ദീപാങ്കർ ഭട്ടചാര്യ(സി.പി.ഐ-എം.എൽ), തുടങ്ങിയവരും സംസാരിച്ചു.
ഫാസിസ്റ്റ്-ആർ.എസ്.എസ് കൈകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള
രണ്ടാം സ്വാതന്ത്ര്യസമരമാണിത്. പ്രധാനമന്ത്രി മോദി കള്ളങ്ങളുടെ മഹാരാജാവാണ്. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ജയിച്ചാൽ അമ്മമാരുടെ മംഗല്യ സൂത്രം നഷ്‌ടപ്പെടുമെന്ന് കളവ് പറഞ്ഞു. മോദി അധികാരത്തിൽ വന്നാൽ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞു. ഇപ്പോൾ ആത്മഹത്യയാണ് ഇരട്ടിച്ചത്.
-എം.എ.ബേബി,
സി.പി.എം ജനറൽ സെക്രട്ടറി
പ്രധാനമന്ത്രിയുടെ 'ഡബിൾ എൻജിൻ സർക്കാർ" അടുത്ത യു.പി തിരഞ്ഞെടുപ്പിൽ 'ഡബിൾ സീറോ" ആകും.
യു.പിക്കാർ സ്വാഗതം ചെയ്യാനും അതുപോലെ യാത്ര പറയാനും മിടുക്കരാണ്. ബി.ജെ.പി മടങ്ങിവരാത്ത വിധത്തിൽ 2027 യാത്ര നൽകും. ശ്രീരാമന്റെ പണം കട്ടവർക്ക് സർവനാശമുണ്ടാകും.
-അഖിലേഷ് യാദവ്
സമാജ്‌വാദി പാർട്ടി
ബംഗാൾ എസ്.ഐ.ആറിന്റെ ഇരയാണ്. ജീവൻ പോയാലും ആരെയും വെറുതെ വിടില്ല. ഗ്യാനേഷിന്റെ ' വോട്ട് ഇല്ലാതാക്കൽ" പണി തുടരാൻ അനുവദിക്കില്ല. ജനാപത്യത്തെ സംരക്ഷിച്ച് ബി.ജെ.പിയെ പുറത്താക്കും.
-മമതാ ബാനർജി
തൃണമൂൽ നേതാവ്
ആധുനിക ശകുനിമാരുടെ തന്ത്രങ്ങൾ ചെറുക്കാനുള്ള മറ്റൊരു മഹാഭാരത യുദ്ധമാണ് രാംലീലയിലെ റാലി. പുതിയ ശകുനിമാർ കള്ള പകിടകളുമായി വരുമ്പോൾ കുരുക്ഷേത്ര യുദ്ധം അനിവാര്യമാകുന്നു. ഗ്യാനേഷ് വേണോ ജനം വേണോ എന്ന് മോദി തിരഞ്ഞെടുക്കട്ടേ.
- തേജസ്വി യാദവ്,
ആർ.ജെ.ഡി നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |