
ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ കർണാടകയിൽ മുസ്ലിം, പിന്നാക്ക വിഭാഗക്കാരെ കൂട്ടത്തോടെ നീക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം മുഴുവൻ രോഷമുയരുമ്പോഴും ലജ്ജയില്ലാതെ ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള തുടരുകയാണ്. ബെലഗാവിയിൽ മാത്രം 15,000ലധികം വോട്ടർമാരെ ഒറ്റയടിക്ക് നീക്കം ചെയ്യാൻ ശ്രമമുണ്ടായി.
രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ബൂത്ത് തല ഏജന്റുമാർക്ക് പട്ടികയിലെ പേരുകൾ നീക്കം ചെയ്യാൻ ഫോം 7 നൽകാൻ കഴിയും. ആ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. നീക്കം ചെയ്യാനുള്ള പേരുകൾ ഫോം 7 അപേക്ഷകളിൽ മുൻകൂട്ടി പ്രിന്റ് ചെയ്‌തുവച്ചിരുന്നു. പലയിടങ്ങളിലും സെപ്‌തംബർ 22,23,24 തീയതികളിൽ ഫോം 7 അപേക്ഷകളുടെ പ്രവാഹമുണ്ടായി.
ഫോം 6ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമവിരുദ്ധമായി മാറ്റം വരുത്തി. ടാറ്റ കൺസൾട്ടൻസി സർവീസസിനോട് ആ മാറ്റം വരുത്താൻ നിർദ്ദേശം നൽകിയ കമ്മിഷനിലെ ഉന്നതൻ ആരാണെന്നും രാഹുൽ ചോദിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ ബംഗളൂരുവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. 15 ലക്ഷം വോട്ടർമാരെ നീക്കാൻ ഗൂഢാലോചനയുണ്ടെന്നും അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാജ്യവ്യാപക പ്രതിഷേധം
ഗാന്ധി ജയന്തി ദിനമായ ഇന്ന്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തെരുവിൽ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം. 'ഇന്ത്യ" മുന്നണിയുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി ജില്ലാ കളക്‌ടറേറ്റുകളിലേക്ക് പ്രകടനം നടത്തും. ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിക്കുമെന്ന് ആംആദ്മി പാർട്ടിയും ഇടതുവിദ്യാർത്ഥി സംഘടനകളും ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. മുംബയിലെ ശിവാജി പാർക്കിൽ ഇന്ന് വൈകിട്ട് 4ന് സമരം നടത്തുമെന്ന് കോക്രോച്ച് ജനത പാർട്ടി ആവർത്തിച്ചു. പൊലീസിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ജയിൽ നിറയ്‌ക്കൽ സമരം നടത്തുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അനുകരിക്കരുതെന്നും ജന്തർ മന്ദറിൽ അനുമതി നിഷേധിച്ച തെറ്ര് ആവർത്തിക്കരുതെന്നും ദീപ്കെ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |